കുഞ്ഞുങ്ങളുടെ ഭക്ഷണ പരസ്യങ്ങളിൽ ഇനി എന്തും പറയാനാകില്ല; തെറ്റിദ്ധരിപ്പിച്ചാൽ…

കുഞ്ഞുങ്ങൾക്കായി വിപണിയിലെത്തുന്ന ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ച് ഇനി പരസ്യങ്ങളിൽ എന്തും അവകാശപ്പെടാനാകില്ല. ഉൽപന്നങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വിവരങ്ങൾ നൽകുന്നതും ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക പ്രമോഷനുകൾ നടത്തുന്നതും നിരീക്ഷിക്കാൻ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നടപടി ശക്തമാക്കുന്നു. കുഞ്ഞുങ്ങളുടെ ഭക്ഷണവുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും പുറമെ ആശുപത്രികളിലും സെമിനാറുകളിലും സമ്മേളനങ്ങളിലുമുള്ള ഇത്തരം ഇടപെടലുകളും പരിശോധനയുടെ പരിധിയിൽ വരുമെന്ന് എഫ്ഡിഎ അറിയിച്ചു.
സമൂഹമാധ്യമങ്ങൾ, ഇ–കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, മെസേജിങ് ആപ്പുകൾ എന്നിവയിലൂടെയുള്ള പരസ്യങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. ഇൻഫന്റ് ന്യൂട്രീഷൻ റഗുലേഷൻ 2020, ഇൻഫന്റ് മിൽക് സബ്സ്റ്റിറ്റ്യൂട്ട്സ് ആക്ട് 1992 എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം ഉൽപന്നങ്ങളുടെ സൗജന്യ സാംപിളുകൾ വിതരണം ചെയ്യൽ, സമ്മാനങ്ങൾ നൽകൽ, കൂപ്പണുകൾ, കാഷ്ബാക്ക് തുടങ്ങിയ പ്രമോഷൻ രീതികൾ അനുവദിക്കില്ലെന്നും എഫ്ഡിഎ മുന്നറിയിപ്പ് നൽകി.



