നിലമ്പൂരിൽ രാത്രി പട്രോളിങ്ങിനിടെ സിഗരറ്റ് വലിച്ച് മൂന്നുപേർ നിൽക്കുന്നു.. കടക്കാർ കുടുങ്ങി

മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ രാത്രികാല പരിശോധനയ്ക്കിടെ സിഗരറ്റ് വലിച്ചുകൊണ്ടുനിൽക്കുകയായിരുന്ന മൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് നിയമലംഘനം. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതുമായി ബന്ധപ്പെട്ട് രണ്ട് കട ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു.

നിലമ്പൂർ ടൗണിൽ പുലർച്ചെ 1:40-ഓടെയാണ് സംഭവം. മിൽമ സ്ഥാപനത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ സിഗരറ്റ് വലിച്ചുനിൽക്കുകയായിരുന്ന മൂന്ന് പേരെ പൊലീസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ രേഖാ പരിശോധനയിലാണ് ഇവരിൽ രണ്ടുപേർക്ക് 17 വയസ്സും മറ്റൊരാൾക്ക് 18 വയസ്സുമാണെന്ന് വ്യക്തമായത്. തങ്ങൾക്ക് സിഗരറ്റ് നൽകിയത് സമീപത്തെ കടയിൽ നിന്നാണെന്ന് കുട്ടികൾ പൊലീസിനോട് വെളിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് നിലമ്പൂർ ബസ്റ്റാന്‌റിന് സമീപത്തുള്ള കടയിലെത്തിയ പൊലീസ് ജീവനക്കാരെ ചോദ്യം ചെയ്തു. പ്രായപൂർത്തിയാകാത്തവർക്ക് സിഗരറ്റ് വിറ്റതായി മജീദ് (56), ഷിഹാബുദ്ദീൻ (42) എന്നിവർ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുട്ടികൾ വലിച്ച പാതി കത്തിയ സിഗരറ്റും പൊലീസ് പിടിച്ചെടുത്തു. കേരള പൊലീസ് ആക്ടിലെയും സിഗരറ്റ്, മറ്റ് പുകയില ഉൽപന്ന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button