ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ കൂടുതൽ ദിവസങ്ങളിലേക്ക്; പുതിയ ക്രമീകരണം

ഭക്തരുടെ ദർശന സൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രത്തിലെ വെർച്വൽ ക്യൂ സംവിധാനം കൂടുതൽ ദിവസങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ദേവസ്വം. ഞായറാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്.
നിലവിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് വെർച്വൽ ക്യൂ ദർശന സൗകര്യം ലഭിക്കുന്നത്. പുതിയ ക്രമീകരണം നിലവിൽ വരുന്നതോടെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഭക്തർക്ക് വെർച്വൽ ക്യൂ വഴി ദർശനം നടത്താനാകും.
ഈ ദിവസങ്ങളിൽ ഉദയാസ്തമയ പൂജ നടക്കുന്നതിനാൽ വൈകിട്ട് നാലിനും അഞ്ചിനുമായി രണ്ട് സ്ലോട്ടുകളിലായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ ദേവസ്വം പരിഗണിച്ചുവരികയാണെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു.
ഞായറാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും വെർച്വൽ ക്യൂ ലഭ്യമാക്കുന്നതോടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ദർശനം കൂടുതൽ ക്രമബദ്ധമാക്കുന്നതിനും സഹായകമാകുമെന്നാണ് ദേവസ്വത്തിന്റെ വിലയിരുത്തൽ.



