പൈലറ്റ് വാഹനങ്ങളുടെ എണ്ണം കൂട്ടേണ്ടതില്ല… പൊലീസിനോട് കയർത്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: യാത്രയ്ക്ക് കൂടുതൽ പൊലീസ് വാഹനങ്ങൾ വിന്യസിച്ചതിൽ പൊലീസിനോട് കയർത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ. തിരുവനന്തപുരം ഡിസിപിയോടാണ് അദ്ദേഹം തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത്. പൈലറ്റിന്റെ എണ്ണം കൂട്ടരുതെന്ന് മുഖ്യമന്ത്രി കർശന നിർദേശം നൽകി. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ എടുത്ത ആദ്യ തീരുമാനങ്ങളിൽ ഒന്നായിരുന്നു മുൻകാലങ്ങളിലെപ്പോലെ നിറയെ എസ്കോർട്ടും പൈലറ്റ് വാഹനങ്ങളും വേണ്ട എന്നത്. ഈ തീരുമാനം അദ്ദേഹം ഇതുവരെ കർശനമായി നടപ്പിലാക്കി വരികയും ചെയ്തിരുന്നു.
എന്നാൽ, മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമെതിരെ യുവമോർച്ച പ്രതിഷേധം ശക്തമാക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ അർധരാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ക്ലിഫ് ഹൗസിലേക്കുള്ള യാത്രയ്ക്കിടെ ചാക്കയിൽ വച്ച് മുഖ്യമന്ത്രിക്ക് നേരെ യുവമോർച്ച കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം നഗരത്തിൽ ഇന്നും കരിങ്കൊടി പ്രതിഷേധം അടക്കമുള്ളവ ഉണ്ടാകുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് ഇന്ന് പതിവിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ അകമ്പടി വാഹനങ്ങൾ വിന്യസിച്ചത്. എന്നാൽ, തന്റെ ഉത്തരവിന് വിരുദ്ധമായി കൂടുതൽ പൈലറ്റ് വാഹനങ്ങൾ എത്തിയതുകണ്ട മുഖ്യമന്ത്രി കടുത്ത അനിഷ്ടം ഡിസിപിയെ അറിയിക്കുകയായിരുന്നു. തുടർന്ന് അധികമായി വന്ന വാഹനങ്ങൾ പൊലീസ് മടക്കി അയച്ചു.



