1988ലെ ബാങ്ക് കവർച്ചയ്ക്ക് 38 വർഷത്തിന് ശേഷം വിധി… 76കാരന്…

കൽപ്പറ്റ: 1988ൽ നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങളും പണവും കവർന്ന കേസിൽ 76കാരന് 13 വർഷം തടവും പിഴയും. കൊല്ലം പള്ളിമുക്ക് തെടിയഴിക്കത്ത് വീട്ടിൽ അബ്ദുൽ സമദിനാണ് കൽപ്പറ്റ അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 13 വർഷം തടവിനും 16,000 രൂപ പിഴയുമാണ് അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി എൽ. ജയവന്ത് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 10 മാസം കൂടി തടവ് അനുഭവിക്കണം. ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെയാണ് അബ്ദുൽ സമദ് വിചാരണ നേരിട്ടത്. 2024 ഒക്ടോബറിലാണ് ഇയാളെ പൊലീസ് പിടികൂടിയത്.

1988 ജനുവരി എട്ടിന് പുലർച്ചെയാണ് ആറംഗ സംഘം നല്ലൂർനാട് സർവീസ് സഹകരണ ബാങ്കിൽ കവർച്ച നടത്തിയത്. അംബാസഡർ കാറിലെത്തിയ സംഘം ബാങ്കിന്റെ വാതിലുകളുടെ പൂട്ടുകൾ പൊളിച്ച് അകത്തുകയറി സെയ്ഫും ഏകദേശം ഒരു കിലോ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 5,544 രൂപയും കവർന്നെന്നാണ് കേസ്. ശബ്ദം കേട്ട് സ്ഥലത്തെത്തിയ രണ്ടുപേരെ കട്ടപ്പാര ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. കേസിലെ സുബൈർ, സുരേഷ് ബാബു, ആലിക്കുട്ടി, നസീർ എന്നിവരെ പൊലീസ് പിടികൂടുകയും 1993ൽ കോടതി ശിക്ഷിക്കുകയും ചെയ്തു. ഒളിവിലായിരുന്ന ഒ.കെ. ബാബു 2017ൽ കോടതിയിൽ കീഴടങ്ങുകയും തുടർന്ന് ശിക്ഷിക്കപ്പെടുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായ അബ്ദുൽ സമദിനെ 2024ലാണ് പൊലീസ് പിടികൂടിയത്.

വിചാരണയ്ക്കിടെ 40ഓളം സാക്ഷികളെ വിസ്തരിച്ചു. 166 രേഖകൾ തെളിവായി ഹാജരാക്കുകയും മഹസർ പ്രകാരം 21 വസ്തുവകകൾ സീസ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാനന്തവാടി സി.ഐ വിശ്വനാഥ കുറുപ്പാണ് കേസിന്റെ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് ജില്ലാ സി.ബി.സി.ഐ.ഡി ഡിറ്റക്ടീവ് ഇൻസ്പെക്ടർ കെ.ജി. ജെയിംസ് അന്വേഷണം ഏറ്റെടുത്തു. തുടർന്ന് ഡി.ഐ വിജയശങ്കർ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഇ.ആർ. സന്തോഷ് കുമാർ ഹാജരായി.

Related Articles

Back to top button