ഭക്ഷണത്തിൽ ചത്ത എലി; ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

മുംബൈ ബോറിവലിയിലെ പ്രശസ്തമായ ഹോട്ടലിൽ നിന്ന് ഓർഡർ ചെയ്ത ഭക്ഷണത്തിൽ ചത്ത എലിയെ കണ്ടെത്തി. സംഭവത്തിൽ കസ്റ്റമർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബോറിവലി പോലീസ് അന്വേഷണം ആരംഭിക്കുകയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി കൈമാറുകയും ചെയ്തു. രാധാകൃഷ്ണ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയയാൾ ഓർഡർ ചെയ്ത മൈസൂർ മസാല ദോശയിലാണ് ചത്ത എലിയുടെ അവശിഷ്ടം കണ്ടത്. ദോശയുടെ പകുതിയോളം കഴിച്ച ശേഷമാണ് ഉള്ളിലെ മസാലയ്‌ക്കൊപ്പം ചത്ത എലിയെ കണ്ടെത്തിയത്.

സംഭവത്തിൽ പ്രകോപിതനായ ഇയാൾ ദോശയിലെ എലിയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഹോട്ടൽ അധികൃതരെ ചോദ്യം ചെയ്തു. എന്നാൽ അധികൃതരുടെ ഭാഗത്തുനിന്ന് തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതോടെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുകയും ചെയ്തു.

കൂടാകെ ഉടൻ തന്നെ ബോറിവലി പോലീസ് സ്റ്റേഷനിലെത്തി ഹോട്ടലിനും ജീവനക്കാർക്കുമെതിരെ ഔദ്യോഗികമായി പരാതി നൽകി. സംഭവത്തിൻറെ ഗൗരവം കണക്കിലെടുത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് വിഷയത്തിൽ നേരിട്ട് ഇടപെട്ടിട്ടുണ്ട്. ഹോട്ടലിലെ അടുക്കളയും പരിസരവും പരിശോധിക്കാനും, വീഴ്ച വരുത്തിയ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും അധികൃതർ ഉത്തരവിട്ടു. ബോറിവലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Related Articles

Back to top button