ഒന്നോ രണ്ടോ സീറ്റ് നഷ്ടപ്പെടാം… ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷമുണ്ടല്ലോ…

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ ഒന്നോ രണ്ടോ സീറ്റുകൾ നഷ്ടപ്പെടുന്നത് സ്വാഭാവികമാണെന്ന് പ്രതികരിച്ച് മന്ത്രി രമേശ് ചെന്നിത്തല. ഭൂരിപക്ഷം സീറ്റുകളിലും യുഡിഎഫ് വിജയിച്ചത് സർക്കാർ ശക്തമാണെന്നതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിന് ഇപ്പോഴും ഭൂരിപക്ഷമുണ്ടല്ലോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് 22 സീറ്റുകൾ യുഡിഎഫിനും 15 സീറ്റുകൾ എൽഡിഎഫിനുമായിരുന്നു.
ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന്റെ സീറ്റുകളുടെ എണ്ണം 19 ആയി കുറഞ്ഞു. എൽഡിഎഫ് 18 സീറ്റുകൾ നേടി. യുഡിഎഫിന് മൂന്ന് സീറ്റുകളുടെ നഷ്ടമാണുണ്ടായത്. എറണാകുളം പൂതൃക്ക പഞ്ചായത്തിലെ കോലഞ്ചേരി ഈസ്റ്റ് വാർഡ് ട്വന്റി-ട്വന്റി നിലനിർത്തി. കൊച്ചി കോർപ്പറേഷനിലെ അയ്യപ്പൻകാവ്, കോഴിക്കോട് കോർപ്പറേഷനിലെ കുറ്റിച്ചിറ വാർഡുകളും എൽഡിഎഫ് നിലനിർത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലാർ ഡിവിഷൻ യുഡിഎഫ് നിലനിർത്തിയപ്പോൾ പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശന ഡിവിഷൻ എൽഡിഎഫ് നിലനിർത്തി. കോട്ടയം തൃക്കോടിത്താനം ഡിവിഷൻ എൽഡിഎഫ് പിടിച്ചെടുത്തത് യുഡിഎഫിന് തിരിച്ചടിയായി.
പത്തനംതിട്ടയിലെ നാല് വാർഡുകളിലും യുഡിഎഫ് വിജയിച്ചു. മലപ്പുറത്ത് യുഡിഎഫ്-എൽഡിഎഫ് മുന്നണികൾക്ക് സമാനമായ നേട്ടമാണുണ്ടായത്. എറണാകുളത്ത് മുന്നണികൾ തങ്ങളുടെ സിറ്റിങ് സീറ്റുകൾ നിലനിർത്തി. പത്തനംതിട്ട കുന്നന്താനം പഞ്ചായത്തിലെ രണ്ടാം വാർഡിലും മലപ്പുറം താനാളൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലും ബിജെപി രണ്ടാം സ്ഥാനത്തെത്തി. 38 വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ തദ്ദേശ ഉപതിരഞ്ഞെടുപ്പായിരുന്നു.



