മാതാപിതാക്കളെ വിട്ട് 4 വയസ്സുകാരൻ ജനശതാബ്ദിയിൽ കയറി; ഒടുവിൽ…

മാതാപിതാക്കളെ അറിയാതെ മറ്റൊരു ട്രെയിനിൽ കയറിയ നാലുവയസ്സുകാരന് രക്ഷകനായി ടി.ടി.ഇ. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് തലശ്ശേരിയിലേക്ക് പോകാനെത്തിയ പാനൂർ സ്വദേശികളുടെ മകനാണ് അബദ്ധത്തിൽ ജനശതാബ്ദി എക്സ്പ്രസിൽ കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.40ഓടെയായിരുന്നു സംഭവം.
പ്ലാറ്റ്ഫോമിൽ നിന്ന് കഴിച്ച ഐസ്ക്രീമിന്റെ കവർ കളയാൻ രക്ഷിതാവ് പോയ സമയത്താണ് കുട്ടി പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ജനശതാബ്ദി എക്സ്പ്രസിൽ കയറിപ്പോയത്. പിന്നാലെ ട്രെയിൻ പുറപ്പെടുകയായിരുന്നു.
കുട്ടിയെ കാണാതായതോടെ പിതാവ് സിറാജുദ്ദീനും മാതാവ് ഷമീനയും കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല. ഇതിനിടെ ജനശതാബ്ദി എക്സ്പ്രസിലെ ഡി-8 കോച്ചിന്റെ വാതിലിനടുത്ത് കുട്ടി തനിച്ചുനിൽക്കുന്നത് ടി.ടി.ഇ. എൻ.എം. പ്രതീഷിന്റെ ശ്രദ്ധയിൽപ്പെട്ടു.
കുട്ടിയെ സുരക്ഷിതമായി കസ്റ്റഡിയിലെടുത്ത ടി.ടി.ഇ. ഉടൻ റെയിൽവേ കൺട്രോൾ റൂമിൽ വിവരം അറിയിച്ചു. ഇതേസമയം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കുട്ടിയെ കാണാതായ വിവരവും കൺട്രോൾ റൂം വഴി പ്രതീഷിന് ലഭിച്ചു.
കുട്ടിയെ കണ്ടെത്തിയ വിവരം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ് ചെയ്തു. തുടർന്ന് ജനശതാബ്ദി എക്സ്പ്രസ് തിരൂരിലെത്തിയപ്പോൾ ടി.ടി.ഇ. കുട്ടിയെ തിരൂർ ആർ.പി.എഫിന് കൈമാറി.
വൈകാതെ മാതാപിതാക്കൾ മറ്റൊരു ട്രെയിനിൽ തിരൂരിലെത്തി. ആർ.പി.എഫിൽനിന്ന് കുട്ടിയെ സുരക്ഷിതമായി ഏറ്റുവാങ്ങിയതോടെ മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കാണ് വിരാമമായത്.



