സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം..പദ്ധതിക്ക് തുടക്കമായി

തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പ്രസവത്തിനായി സർക്കാർ ആശുപത്രികളെ കൂടുതലായി ആശ്രയിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂൺ 22 മുതൽ ജനിച്ച കുഞ്ഞുങ്ങൾക്ക് പദ്ധതിക്ക് മുൻകൂർ പ്രാബല്യമുണ്ട്. മധുരയിൽ വൻ റോഡ് ഷോ നടത്തിയാണ് മുഖ്യമന്ത്രി വിജയ് ഉദ്ഘാടന വേദിയായ രാജാജി ആശുപത്രിയിലെത്തിയത്. വേദിയിലെത്തിയ അദ്ദേഹം കുഞ്ഞുങ്ങൾക്ക് നേരിട്ട് സ്വർണമോതിരം അണിയിച്ചാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. പ്രമുഖ മലയാളി വ്യവസായ ഗ്രൂപ്പുകളായ ജോയ് ആലുക്കാസ്, കല്യാൺ ജൂവലേഴ്സ് എന്നിവർ പങ്കാളികളായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി ഉദ്ഘാടനത്തിന് ശേഷം വൈകീട്ട് മധുര മീനാക്ഷി ക്ഷേത്രത്തിലും സന്ദർശനം നടത്തിയ ശേഷമാകും വിജയ് മടങ്ങുക.



