നിയമസഭ കൈയ്യാങ്കളി കേസ്… ഏഴ് വർഷത്തിന് ശേഷം വിചാരണ നവംബർ…

തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച നിയമസഭ കൈയ്യാങ്കളി കേസിൽ വിചാരണ നവംബർ മൂന്നിന് ആരംഭിക്കും. ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കേസിന്റെ വിചാരണ നടപടികൾ ആരംഭിക്കുന്നത്. സിപിഐഎം നേതാക്കളായ വി. ശിവൻകുട്ടിയും ഇ.പി. ജയരാജനും ഉൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. കെ.ടി. ജലീൽ, കെ. അജിത്, സി.കെ. സദാശിവൻ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ള മറ്റു പ്രമുഖർ.
2015 മാർച്ച് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ധനമന്ത്രിയായിരുന്ന കെ.എം. മാണിയുടെ ബജറ്റ് അവതരണം പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനിടെയാണ് സഭയിൽ സംഘർഷമുണ്ടായത്. ബാർ കോഴ അഴിമതിയിൽ കെ.എം. മാണിക്ക് പങ്കുണ്ടെന്നാരോപിച്ച് എൽഡിഎഫ് എംഎൽഎമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സംഘർഷത്തിനിടയിൽ സ്പീക്കറുടെ ഡയസിൽ കയറി കസേര മറിച്ചിടുകയും ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക് ഉപകരണങ്ങളും പൊതുമുതലും നശിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്. നിയമസഭാ സെക്രട്ടറിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയാണ് ഇപ്പോൾ വിചാരണ ഘട്ടത്തിലേക്ക് കടക്കുന്നത്.



