അൻസിബ ഹസന്റെ അപമാനിച്ചെന്ന പരാതി… നടി ലക്ഷ്മി പ്രിയക്കെതിരെ…

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും പരിഗണിക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം. ലക്ഷ്മി പ്രിയയും കാൻ ചാനൽ മീഡിയയുമായി ബന്ധപ്പെട്ട രണ്ട് പ്രതിനിധികളും തനിക്കെതിരെ ലൈംഗിക ചുവയുള്ള പരാമർശങ്ങളും അപകീർത്തികരമായ ഉള്ളടക്കവും പ്രചരിപ്പിച്ചെന്നാണ് അൻസിബയുടെ പരാതി.

നേരത്തെ അൻസിബ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയില്ല. തുടർന്ന് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും പൊലീസ് അന്വേഷണം നിർദേശിക്കാതെ പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു ഉത്തരവ്. ഇതിനെതിരെ അൻസിബ ഹൈക്കോടതിയെ സമീപിച്ചു. സെപ്റ്റംബർ ഏഴിന് കേസ് പരിഗണിച്ച ഹൈക്കോടതി, പരാതിയിലെ ആരോപണങ്ങളും ലഭ്യമായ രേഖകളും മജിസ്ട്രേറ്റ് സ്വതന്ത്രമായി പരിശോധിച്ച് നിയമപ്രകാരം വീണ്ടും തീരുമാനിക്കണമെന്ന് നിർദേശിച്ചു. ആരോപണങ്ങൾ പ്രഥമദൃഷ്ട്യാ ഏതെങ്കിലും കോഗ്നിസബിൾ കുറ്റം വെളിപ്പെടുത്തുന്നുണ്ടോ എന്നും പൊലീസ് അന്വേഷണം ആവശ്യമാണോ എന്നും പരിശോധിക്കണമെന്നാണ് നിർദേശം. അതേസമയം, അൻസിബയുടെ പരാതിയിലെ ആരോപണങ്ങൾ ഇതുവരെ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തിയിട്ടില്ല.

Related Articles

Back to top button