ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കൽ മൂലം വൻ സാമ്പത്തിക നഷ്ടം; കേരളത്തിന്റെ ഹർജി..

ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിനെതിരെ കേരളസർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കേരളം അഭിമുഖീകരിക്കുന്ന വലിയ ഊർജ്ജ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ്, ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേരള സർക്കാരിന്റെ ഹർജി പരിഗണിക്കുന്നത്. ദീർഘകാല വൈദ്യുതി കരാർ റദ്ദാക്കിയതിലൂടെ സംസ്ഥാനം വലിയ സാമ്പത്തിക നഷ്ടം നേരിടുന്നു. ഇതുവരെ സംസ്ഥാനത്തിന് 12, 570 കോടി രൂപയുടെ നഷ്ടമുണ്ടായതായും സംസ്ഥാന സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന് കുറഞ്ഞ വിലയ്ക്ക് വൈദ്യുതി ലഭിക്കുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
വൈദ്യുതി റെഗുലേറ്ററി അപ്പലേറ്റ് ബോഡിയാണ് കരാർ റദ്ദാക്കിയത്. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ അപ്പീലിൽ സുപ്രീംകോടതി വാദം കേട്ടിരുന്നില്ല. നിലവിലെ വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടത്. മുതിർന്ന അഭിഭാഷകർ കേരളത്തിന് വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും.



