തൃണമൂൽ വിമത എംപിമാരെ അയോഗ്യരാക്കണമെന്ന പരാതി: സ്പീക്കറുടെ തീരുമാനം..

തൃണമൂൽ വിമത എംപിമാരുടെ അയോഗ്യത സംബന്ധിച്ച പരാതിയിൽ തീരുമാനം വൈകരുതെന്ന് സുപ്രീംകോടതി. അയോഗ്യതയിലെ പരാതി മൂന്ന് മാസമായിട്ടും തീർപ്പാക്കാത്ത സ്പീക്കറുടെ മെല്ലപ്പോക്കിൽ കോടതി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. അവധി രണ്ട് തവണ നീട്ടി നൽകിയിട്ടും മറുപടി നൽകാത്ത തൃണമൂൽ വിമതർ നാലാഴ്ച കൂടി സമയം തേടി.
തൃണമൂൽ കോൺഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടിയിൽ ചേർന്ന 20 എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയിൽ ലോക്സഭ സ്പീക്കർ ഓംബിർല നടപടി വൈകിപ്പിക്കുന്നതിനെെ തുടർന്നാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി സുപ്രീംകോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ ബാധിക്കുന്ന വിഷയമായിട്ടും നടപടി വൈകുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു.
ഇക്ക ഴിഞ്ഞ ജൂൺ പതിനെട്ടിന് എംപിമാർ സ്വമേധയാ രാജിവെച്ചതിൻറെതടക്കം രേഖകളുമായി സ്പീക്കർക്ക് പരാതി നൽകിയതാണെന്ന് അഭിഷേക് ബാനർജിയുടെ അഭിഭാഷകനും തൃണമൂൽ നേതാവുമായ കല്യാൺ ബാനർജി കോടതിയെ അറിയിച്ചു. കെയ്ഷാം മേഘചന്ദ്ര സിംഗ് വേഴ്സസ് മണിപ്പൂർ അസംബ്ലി കേസ് ചൂണ്ടിക്കാട്ടി കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള പരാതികൾ മൂന്ന് മാസത്തിനുള്ളിൽ തീർപ്പാക്കേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. അഭിഷേക് ബാനർജിയുടെ പരാതിയിൽ വേഗത്തിൽ തീർപ്പുണ്ടാകണമെന്നും ഉചിതമായ നടപടി സ്പീക്കർ തീരുമാനിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു




