കേരളത്തിൽ ആദ്യം… KSRTCക്ക് ബസ് വാങ്ങാൻ 40 ലക്ഷം സംഭാവന നൽകി അങ്കമാലി സ്വദേശി…

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് പുതിയ ബസ് വാങ്ങുന്നതിനായി 40 ലക്ഷം രൂപ സംഭാവന നൽകി അങ്കമാലി മുക്കന്നൂർ സ്വദേശി ജോസ്. ഹീമാൻ റോബോട്ടിക് കാർ പാർക്കിങ് പ്രൈവറ്റ് ലിമിറ്റഡ് ഉടമയായ ജോസാണ് ബസ് വാങ്ങാനുള്ള തുകയുടെ ചെക്ക് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറിയത്. സ്വകാര്യ വ്യക്തി കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകുന്നത് കേരളത്തിൽ ആദ്യമായാണെന്നാണ് റിപ്പോർട്ട്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിലാണ് ചെക്ക് കൈമാറിയത്. മുഖ്യമന്ത്രി ചെക്ക് ഗതാഗത മന്ത്രി സി.പി. ജോണിന് കൈമാറി.

കെഎസ്ആർടിസിയെ പിന്തുണച്ച് കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും മുന്നോട്ടുവരുമെന്നാണ് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചത്. കെഎസ്ആർടിസിക്ക് പിന്തുണ നൽകണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം കേട്ടാണ് ബസ് വാങ്ങി നൽകാൻ തീരുമാനിച്ചതെന്ന് ജോസ് പറഞ്ഞു. ബസ് അങ്കമാലി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയെ തെക്കൻ കേരളവുമായി ബന്ധിപ്പിക്കുന്ന രീതിയിൽ റൂട്ട് അനുവദിക്കണമെന്നും ജോസ് ആവശ്യപ്പെട്ടു. ഈ റൂട്ടിൽ സർവീസ് നടത്തുന്നതിന് ഗതാഗത മന്ത്രി ഉറപ്പ് നൽകിയതായാണ് വിവരം. കെഎസ്ആർടിസിയെ പിന്തുണയ്ക്കാൻ കൂടുതൽ പേർ മുന്നോട്ടുവരുമെന്നാണ് ഗതാഗത മന്ത്രി സി.പി. ജോൺ പറഞ്ഞത്. പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബസുകൾ സ്പോൺസർ ചെയ്യാനുള്ള അവസരം കെഎസ്ആർടിസി ഒരുക്കിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കമ്പനികൾ, ട്രസ്റ്റുകൾ, സന്നദ്ധ സംഘടനകൾ, സിഎസ്ആർ ഫണ്ടുകൾ എന്നിവ വഴിയും ബസുകൾ നൽകാമെന്ന് മന്ത്രി അറിയിച്ചു. ജോസ് നൽകിയ ചെക്ക് ഗതാഗത മന്ത്രി കെഎസ്ആർടിസി സിഎംഡി ഡോ. പി.എസ്. പ്രമോജ് ശങ്കറിന് കൈമാറി.

Related Articles

Back to top button