പൊഴിയൂർ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി…

തിരുവനന്തപുരം: പൊഴിയൂർ കടൽഭിത്തി നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൊഴിയൂർ സർക്കാർ യു.പി. സ്കൂളിൽ കടൽഭിത്തി നിർമാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കടൽക്ഷോഭത്താൽ ദുരന്തം അനുഭവിക്കുന്ന പൊഴിയൂർ നിവാസികളുടെ ഏറെക്കാലത്തെ ജനകീയ ആവശ്യമാണ് സർക്കാർ അധികാരത്തിലെത്തി 100 ദിവസം തികയും മുമ്പ് നിറവേറ്റുന്നത്. പദ്ധതികൾ വേഗത്തിൽ നടപ്പാക്കുകയെന്ന ഉറച്ച നിലപാടാണ് സർക്കാരിനുള്ളതെന്നും കടൽഭിത്തി നിർമാണത്തിലൂടെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തീരദേശ മേഖലയ്ക്ക് ഏറെ പ്രാധാന്യം നൽകുന്ന സർക്കാരാണ് അധികാരത്തിലുള്ളത്. സർക്കാരിന്റെ ആദ്യ ബജറ്റിൽ തന്നെ 25 രൂപയായിരുന്ന മണ്ണെണ്ണ സബ്സിഡി 75 രൂപയാക്കി ഉയർത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും സങ്കടങ്ങൾ മനസ്സിലാക്കിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ളവ വികസന പാതയിലാണെന്നും തുറമുഖങ്ങളുമായി ബന്ധപ്പെടുത്തി നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഈ നാടുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിക്കുമെന്നും, വഴിമുക്ക്- അമരവിള റോഡിന്റെ വികസനം ഉൾപ്പെടെയുള്ളവ നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി. പ്രിയദർശനി പദ്ധതിയിലൂടെ സ്ത്രീകളോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതോടൊപ്പം, ആശാപ്രവർത്തകർ, അങ്കണവാടി ജീവനക്കാർ തുടങ്ങിയ വിവിധ മേഖലകളിലെ തൊഴിലാളികളുടെ ഉന്നമനത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ട്. സാധാരണക്കാർക്കൊപ്പം എന്നും ഈ സർക്കാർ നിലകൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
