സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിലെ സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിൽ തീപിടിത്തം; 2 നവജാത ശിശുക്കൾ..

തെലങ്കാനയിലെ അദിലാബാദ് ജില്ലയിലെ സർക്കാർ ഉടമസ്ഥതയിലുള്ള റിംസ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് നവജാത ശിശുക്കൾ മരിച്ചു. സ്പെഷ്യൽ ന്യൂബോൺ കെയർ യൂണിറ്റിലാണ് (SNCU) തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ രണ്ട് കുഞ്ഞുങ്ങൾ ഗുരുതരാവസ്ഥയിലാണ്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. രാത്രിയിൽ എസി യൂണിറ്റ് പൊട്ടിത്തെറിച്ചതിനെത്തുടർന്നാണ് തീപിടിത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.
രാത്രി 11.50ഓടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് വാർഡിൽ തീയും കനത്ത പുകയും നിറഞ്ഞു. തുടർന്ന് വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു. വാർഡിലുണ്ടായിരുന്ന 28 കുട്ടികളെ സുരക്ഷിതമായി ഒഴിപ്പിച്ചതായും അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുത സംവിധാനവും എയർ കണ്ടീഷണർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും കൃത്യമായി പ്രവർത്തിച്ചിരുന്നോയെന്നും അധികൃതർ പരിശോധിക്കും.
സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചനം രേഖപ്പെടുത്തി. തീപിടിത്തത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അദ്ദേഹം നിർദേശിച്ചു. അപകടത്തിൽപ്പെട്ട മറ്റ് കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കണമെന്നും അവരുടെ ആരോഗ്യനില തുടർച്ചയായി നിരീക്ഷിക്കണമെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനും, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മരണങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള വീഴ്ചയോ അനാസ്ഥയോ കാരണമായിട്ടുണ്ടോ എന്നും അന്വേഷണത്തിൽ കണ്ടെത്തും.




