അട്ടപ്പാടി ചുരത്തിലെ പത്താം വളവിൽ ഗർത്തം… ചരക്കുവാഹനങ്ങൾക്ക്…

മണ്ണാർക്കാട്: അട്ടപ്പാടി ചുരത്തിലെ പത്താം വളവിൽ റോഡിന്റെ മധ്യഭാഗത്ത് ഗർത്തം രൂപപ്പെട്ട സാഹചര്യത്തിൽ ചരക്കുവാഹനങ്ങൾ ഇതുവഴി പോകുന്നത് ഒഴിവാക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് നിർദേശം നൽകി. കൾവർട്ടിന്റെ സ്ലാബ് തകർന്നതിനെ തുടർന്നാണ് റോഡിന്റെ മധ്യത്തിൽ ഗർത്തം രൂപപ്പെട്ടത്. അപകടം ഒഴിവാക്കുന്നതിനായി ഗർത്തത്തിന് ഇരുവശത്തും ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
കൾവർട്ടിന്റെ പരിശോധന ഇന്ന് ആരംഭിക്കുമെന്നും അടിയന്തരമായി തകരാർ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. കൾവർട്ട് പൂർണമായി തകർന്നാൽ അട്ടപ്പാടി–മണ്ണാർക്കാട് യാത്ര തന്നെ പ്രതിസന്ധിയിലാകും. മണ്ണാർക്കാട്ടുനിന്ന് അട്ടപ്പാടിയിലെത്താൻ നിലവിൽ മറ്റ് പ്രധാന ഗതാഗതമാർഗമില്ല. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. അട്ടപ്പാടിയിലേക്കുള്ള റേഷൻ അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളും മണ്ണാർക്കാട്ടുനിന്ന് ചുരം വഴിയാണ് എത്തിക്കുന്നത്. റോഡ് ഗതാഗതം തടസ്സപ്പെട്ടാൽ അവശ്യസാധനങ്ങളുടെ നീക്കത്തെയും ഇത് ബാധിക്കും. തകരാർ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.



