ബിജെപി-യുഡിഎഫ് ഒത്തുകളി.. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ നീക്കത്തിനെതിരെ…

തിരുവനന്തപുരം: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിൽ ജനങ്ങളോട് വിശദീകരിക്കാൻ ലഘുലേഖയുമായി സിപിഐഎം. ‘ഇഡി വേട്ടയും ബിജെപി-യുഡിഎഫ് ഒത്തുകളിയും’ എന്ന തലക്കെട്ടിലാണ് ലഘുലേഖ പുറത്തിറക്കിയത്. ലഘുലേഖയിലെ പ്രസക്ത ഭാഗങ്ങൾ പാർട്ടി മുഖപത്രമായ ദേശാഭിമാനിയിലൂടെയും പുറത്തുവിട്ടിട്ടുണ്ട്. ഇഡി നീക്കവുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് സംശയം തോന്നാനിടയുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും വിശദീകരിക്കുന്ന രീതിയിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്.
പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ സംസ്ഥാന സർക്കാരിന്റെ തീരുമാനം ഉടൻ ഉണ്ടായേക്കുമെന്ന സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ രാഷ്ട്രീയ പ്രതിരോധം. പത്ത് വർഷം മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സിഎംആർഎല്ലിന് വഴിവിട്ട ഒരു സഹായവും നൽകിയിട്ടില്ലെന്നാണ് ലഘുലേഖയിൽ സിപിഐഎം പറയുന്നത്. സിഎംആർഎല്ലും ജിഎസ്ടി വകുപ്പും തമ്മിലുണ്ടായ നികുതി തർക്കത്തിൽ നിന്നാണ് അഴിമതി ആരോപണത്തിന്റെ തുടക്കമെന്നും ലഘുലേഖയിൽ വിശദീകരിക്കുന്നു. ഇഡിയെ കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികൾക്കെതിരെ വിവിധ രീതികളിൽ ഉപയോഗിക്കുന്നുവെന്ന ആരോപണവും സിപിഐഎം ഉന്നയിക്കുന്നുണ്ട്. നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരെ അന്വേഷണം വന്നപ്പോൾ ഇഡിയെ ശക്തമായി വിമർശിച്ച കോൺഗ്രസ് ഇപ്പോൾ ഒത്തുകളിക്കുകയാണെന്നും ലഘുലേഖ ആരോപിക്കുന്നു. ഈ ആരോപണത്തിന് കോൺഗ്രസ് നേതൃത്വം എന്ത് മറുപടി പറയുമെന്നതും രാഷ്ട്രീയ ചർച്ചയിൽ നിർണായകമാകും.
പിണറായി വിജയനെതിരെ കഴിഞ്ഞ വർഷങ്ങളിൽ നിരവധി ‘കള്ളക്കഥകൾ’ ഉയർന്നുവന്നുവെന്നും സിപിഐഎം ലഘുലേഖയിൽ ആരോപിക്കുന്നു. കോഴിക്കോട്ടെ റെയ്ഡടക്കമുള്ള സംഭവങ്ങൾ മറ്റൊരു രാഷ്ട്രീയ തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന ആരോപണവും പാർട്ടി ഉന്നയിക്കുന്നുണ്ട്. ഇഡി നീക്കത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുന്നതിനൊപ്പം, സിഎംആർഎൽ വിഷയത്തിൽ ഉയർന്ന ആരോപണങ്ങളിൽ പാർട്ടിയുടെ വിശദീകരണം ജനങ്ങളിലേക്ക് എത്തിക്കുകയാണ് ലഘുലേഖയിലൂടെ സിപിഐഎമ്മിന്റെ ലക്ഷ്യം.




