ഏഴ് മാസത്തെ ഭീതിക്ക് വിരാമം… 300 കിലോ ഭീമൻ മുതല വലയിൽ

കന്യാകുമാരി: തിർപ്പറപ്പിന് സമീപം കോതയാറിൽ ഏഴ് മാസത്തിലേറെയായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ഭീമൻ മുതല ഒടുവിൽ പിടിയിൽ. നിലക്കൽ ആറ്റുപാതത്തിന് സമീപം വനംവകുപ്പ് സ്ഥാപിച്ച വലയിലാണ് ഇന്ന് രാവിലെ ഏകദേശം 300 കിലോ ഭാരമുള്ള മുതല കുടുങ്ങിയത്. മുതല പിടിയിലായ വിവരമറിഞ്ഞതോടെ വൻ ജനക്കൂട്ടമാണ് സ്ഥലത്ത് തടിച്ചുകൂടിയത്. മാസങ്ങളായി നിലനിന്ന ആശങ്കയ്ക്ക് വിരാമമായതോടെ പ്രദേശവാസികൾക്കും ആശ്വാസമായി.

ഏഴ് മാസം മുമ്പാണ് കോതയാറ്റിൽ മുതലയുടെ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. മുതലയുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനംവകുപ്പ് പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി ചെന്നൈയിൽനിന്നുള്ള പ്രത്യേക സംഘത്തെയും പ്രദേശത്ത് എത്തിച്ചിരുന്നു. കോഴിയെയും ആടിനെയും ഇരയായി വച്ച് കെണിയൊരുക്കിയെങ്കിലും മുതല പിടിയിലാകാതെ രക്ഷപ്പെട്ടു. തുടർന്ന് പ്രത്യേക സംഘം മുതലയുടെ സഞ്ചാരപഥങ്ങൾ നിരീക്ഷിച്ച് അവിടങ്ങളിൽ വല സ്ഥാപിക്കുകയായിരുന്നു. വലയിൽ കുടുങ്ങിയ മുതലയെ കൂടുതൽ വലകൾ ഉപയോഗിച്ച് സുരക്ഷിതമായി കരയിലെത്തിച്ചു. തുടർന്ന് സീറോ പോയിന്റിലുള്ള വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി.

Related Articles

Back to top button