കുത്തിനിറച്ച് പ്രിയദർശിനി ഓർഡിനറി സർവീസ്… കൂടുതൽ സർവീസുകൾ വേണമെന്ന് ആവശ്യം

കാസർഗോഡ്: കാസർഗോഡ്–മംഗളൂരു റൂട്ടിൽ കെഎസ്ആർടിസി ബസുകളിൽ യാത്രക്കാരുടെ തിരക്ക് രൂക്ഷം. പ്രിയദർശിനി ബസിൽ യാത്രക്കാരെ കുത്തിനിറച്ച് അപകടകരമായ രീതിയിൽ യാത്ര ചെയ്യേണ്ട സാഹചര്യമുണ്ടായതായാണ് പരാതി. വാതിൽപ്പടിയിലും യാത്രക്കാർ തിങ്ങിനിറഞ്ഞ നിലയിലായിരുന്നു. ഈ റൂട്ടിൽ കൂടുതൽ കെഎസ്ആർടിസി സർവീസുകൾ അനുവദിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. നിലവിൽ പരിമിതമായ സർവീസുകൾ മാത്രമാണ് റൂട്ടിലുള്ളത്.
യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും അതിനനുസരിച്ച് സർവീസുകളുടെ എണ്ണം കൂട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് യാത്രക്കാരുടെ പരാതി. ഏകദേശം 120 പേരോളം ഒരു ബസിൽ യാത്ര ചെയ്യുന്നതായും പറയുന്നു. മംഗളൂരുവിലെ ആശുപത്രികളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുമുള്ള യാത്രയ്ക്ക് കാസർഗോഡ് ജില്ലയിൽ നിന്നുള്ള നിരവധി പേരാണ് ഈ സർവീസുകളെ ആശ്രയിക്കുന്നത്. അതിനാൽ തിരക്ക് ഒഴിവാക്കാൻ കൂടുതൽ സർവീസുകൾ അനുവദിക്കണമെന്നാണ് ആവശ്യം. അതേസമയം, കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും. വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവനമേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്കുമാണ് സാരി നൽകുന്നത്.
പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്നും നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മന്ത്രി സി.പി. ജോൺ പറഞ്ഞു. ഇതേ രീതിയിൽ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. നാളെ സംസ്ഥാനത്തെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. കെഎസ്ആർടിസിയെ കൂടുതൽ വിപുലമായ കാർഗോ ഹാൻഡ്ലറായി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു. അഞ്ച് ട്രക്കുകൾക്കായുള്ള ടെൻഡർ നടപടികൾ പൂർത്തിയായതായും മന്ത്രി വ്യക്തമാക്കി.



