ആധാറിലെ പേര് തിരുത്താൻ പുതിയ മാനദണ്ഡങ്ങൾ… സ്ഥാനപ്പേരും അപരനാമവും…

ആലപ്പുഴ: ആധാർ കാർഡിലെ പേര് മാറ്റുന്നതിനും തിരുത്തുന്നതിനുമുള്ള മാനദണ്ഡങ്ങൾ യു.ഐ.ഡി.എ.ഐ. പുതുക്കി. പേരിനൊപ്പം അപരനാമം, സ്ഥാനപ്പേര്, ബഹുമതി എന്നിവ ചേർക്കുന്നത് അനുവദിക്കില്ല. ഡോട്ട് ഉൾപ്പെടെയുള്ള പ്രത്യേക ചിഹ്നങ്ങൾ, അനാവശ്യമായി ഉപയോഗിക്കുന്ന വലിയ അക്ഷരങ്ങൾ എന്നിവയും നീക്കുന്നതിനുള്ള നിർദേശങ്ങളുണ്ട്.
തിരിച്ചറിയൽ രേഖയിൽ രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരവിന്യാസവും പേരിന്റെ ക്രമവും അനുസരിച്ചായിരിക്കും ആധാറിൽ പേര് പുതുക്കുക. മിസ്റ്റർ, ഡോക്ടർ, കേണൽ തുടങ്ങിയ സ്ഥാനപ്പേരുകൾ പേരിൽ ഉൾപ്പെടുത്താൻ കഴിയില്ല. ഇനിഷ്യലുകളുടെ വികസിപ്പിക്കലോ ചുരുക്കലോ, മിഡിൽ നെയിം ചേർക്കലോ ഒഴിവാക്കലോ, പേരിന്റെ ക്രമത്തിൽ മാറ്റം വരുത്തലോ ഉൾപ്പെടെയുള്ള തിരുത്തലുകൾക്ക് സാധുവായ തിരിച്ചറിയൽ രേഖ ആവശ്യമാണ്. വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷം പേരിൽ മാറ്റം വരുത്തുന്ന സാഹചര്യത്തിൽ ആവശ്യമായ രേഖകൾക്കൊപ്പം ബന്ധപ്പെട്ട തെളിവുകളും സമർപ്പിക്കേണ്ടതുണ്ട്. പേര് പൂർണമായി മാറ്റുന്നതിനുള്ള നടപടികളിൽ ഗസറ്റ് വിജ്ഞാപനവും പഴയ പേരിലുള്ള തിരിച്ചറിയൽ രേഖയും ആവശ്യമാണ്.
മുൻപ് സമർപ്പിച്ച രേഖയിലെ പേര് ശരിയായിരുന്നിട്ടും ആധാറിൽ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ, തിരുത്തലിനായി അധിക രേഖകൾ ആവശ്യമായി വരാം. കുട്ടികളുടെ പേരിൽ ചെറിയ തിരുത്തലുകൾ വരുത്തുന്നതിനും പുതുക്കിയ പേര് തെളിയിക്കുന്ന രേഖകൾ ആവശ്യമാണ്. പുതുക്കിയ പേര് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള വിശദമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ സെപ്റ്റംബർ 18ന് യു.ഐ.ഡി.എ.ഐ. പുറത്തിറക്കിയിട്ടുണ്ട്. ആധാറിലെ പേര് രേഖപ്പെടുത്തുമ്പോൾ പിന്തുണ രേഖയിലുള്ള പേര് തന്നെയാണ് സ്വീകരിക്കേണ്ടതെന്നും അധിക വിവരങ്ങൾ ചേർക്കാൻ കഴിയില്ലെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.



