കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കി….നാല് പൊലീസുകാർക്ക്….

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എൻ ബാലഗോപാലിൻ്റെ വിജയത്തിനായി പ്രചാരണ വീഡിയോ ഇറക്കിയെന്ന പരാതിയിൽ ഇടത് അനുകൂലികളായ നാല് പൊലീസുകാർക്ക് സ്ഥലം മാറ്റം. കൊല്ലം റൂറൽ ജില്ലയിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ, സിവിൽ പൊലീസ് ഓഫീസർ റാങ്കിലുള്ളവരെ ജില്ലയ്ക്ക് പുറത്തേക്കാണ് സ്ഥലം മാറ്റിയത്. കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അയിഷ പോറ്റി ഡിജിപിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും നൽകിയ പരാതിയിൽ ദക്ഷിണ മേഖല ഐജിയുടെ നിർദേശപ്രകാരം കൊല്ലം റൂറൽ എസ്പിയാണ് നടപടിയെടുത്തത്.
സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നജീം എസ്, സുജിത്ത് എസ് എൽ, സിവിൽ പൊലീസ് ഓഫീസർമാരായ ശിവേഷ് എ എസ്, ചിന്തു വി എന്നിവരെ ആണ് സ്ഥലം മാറ്റിയത്. നജീം, ശിവേഷ് എന്നിവരെ കോട്ടയത്തേക്കും സുജിത്ത്, ചിന്തു എന്നിവരെ ആലപ്പുഴയിലേക്കുമാണ് മാറ്റിയത്. കെ എൻ ബാലഗോപാലിൻ്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് തയ്യാറാക്കിയ വീഡിയോയിൽ നടപടി നേരിട്ട പൊലീസുകാരുടെ പ്രതികരണങ്ങൾ ഉണ്ടായിരുന്നു. റൂറൽ എസ്പി ഓഫീസിൻ്റെ വികസനത്തെക്കുറിച്ചായിരുന്നു പ്രതികരണം.



