മാസപ്പടി കേസ്….ആഭ്യന്തരവകുപ്പ് തീരുമാനം ഇന്ന്

തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും പി എ മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുക്കുമോ എന്നതിൽ ആകാംക്ഷ. കേസെടുക്കുന്ന കാര്യത്തിൽ ആഭ്യന്തരവകുപ്പ് ഇന്ന് തീരുമാനമെടുക്കും. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയതോടെയാണ് സർക്കാർ തുടർനടപടികളിലേക്ക് കടക്കുന്നത്.
ഇ ഡി റിപ്പോർട്ട് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും അന്തിമ തീരുമാനത്തിലേക്ക് സംസ്ഥാന സർക്കാർ കടന്നിരുന്നില്ല. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള തെളിവുകൾ ഇഡി റിപ്പോർട്ടിലുണ്ടെന്നാണ് നിയമോപദേശം. ഏത് രീതിയിലാണ് അന്വേഷണം എന്നത് സർക്കാരിന് തീരുമാനിക്കാം എന്നും നിയമപദേശത്തിൽ ഉണ്ട്. വിജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.



