ആന്റോ അഗസ്റ്റിനെ പൂട്ടാനുള്ള 800 പേജുള്ള തെളിവുകൾ എന്‍റെ കയ്യിലുണ്ട്…

കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോർട്ടർ ടി.വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബ്. ആന്റോ അഗസ്റ്റിനെതിരെ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകൾ തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് പറഞ്ഞു. റിപ്പോർട്ടർ ചാനൽ ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റിപ്പോർട്ടർ ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ലെന്നും സാബു ജേക്കബ് ആരോപിച്ചു. മറ്റുള്ളവരുടെ ദുഃഖത്തിൽ നിന്ന് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും അദ്ദേഹം ആരോപിച്ചു. പിണറായി വിജയന്റെ ഭരണകാലത്ത് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടത്തിയപ്പോൾ അതിനെ ന്യായീകരിച്ച് പ്രസംഗിച്ചവരാണ് ഈ മാധ്യമമെന്നും സാബു ജേക്കബ് പറഞ്ഞു. മെസി തട്ടിപ്പിൽ മാത്രം അന്വേഷണം ഒതുക്കരുതെന്നും ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ അഞ്ച് വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന-കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകി അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നുവെന്നും സാബു ജേക്കബ് ആരോപിച്ചു.

മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കുന്ന ന്യായീകരണം കാണുമ്പോൾ പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സി.പി.എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം ആരോപിച്ചു. മെസിയുടെ പേരിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കമെന്നും സി.ജെ. റോയിയെ പോലുള്ള വ്യവസായികളെ ഇ.ഡിയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും സാബു ജേക്കബ് ആരോപിച്ചു. തങ്ങൾ എൻ.ഡി.എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ ചാനൽ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാരിനുമേൽ സമ്മർദം ചെലുത്തുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കുമുള്ളൂവെന്നും സാബു എം. ജേക്കബ് ചൂണ്ടിക്കാട്ടി.

Related Articles

Back to top button