ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കാനാകില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. യൂണിറ്റിന് 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ലെന്നും എൻടിപിസിയിൽ നിന്നുള്ള വൈദ്യുതിക്ക് ഉയർന്ന വിലയാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിലെ പ്രതിസന്ധി പെട്ടെന്ന് അവസാനിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ ജനങ്ങൾ തയ്യാറായിട്ടുണ്ടെങ്കിലും നിരവധി പേർ ഇപ്പോഴും പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റിലും വൈദ്യുതി നിയന്ത്രണം ഉണ്ടായെന്നും തന്റെ ഓഫീസിൽ രണ്ട് തവണ വൈദ്യുതി പോയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.
നിലവിൽ പുതിയ വൈദ്യുതി പദ്ധതികളൊന്നും ആരംഭിച്ചിട്ടില്ലെന്നും പഴയ പദ്ധതികളിൽ പലതും മുടങ്ങിക്കിടക്കുകയാണെന്നും മന്ത്രി പറഞ്ഞു. മണിയാർ പദ്ധതി കെഎസ്ഇബിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിഷയം പഠിക്കാൻ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പകൽ ലഭിക്കുന്ന സൗരോർജം രാത്രിയിൽ ഉപയോഗിക്കാൻ സംഭരിക്കുന്നതിനുള്ള സംവിധാനങ്ങൾ കൂടുതൽ വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇതിനായി ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഹ്രസ്വകാല, ദീർഘകാല വൈദ്യുതി കരാറുകൾക്കായി സംസ്ഥാനത്ത് പുതിയ വൈദ്യുതി നയം കൊണ്ടുവരുമെന്നും സണ്ണി ജോസഫ് പറഞ്ഞു. വൈദ്യുതി വകുപ്പ് ഏറ്റെടുത്തതിൽ പ്രയാസങ്ങളുണ്ടെങ്കിലും ഇത് ഒരു വെല്ലുവിളിയായി ഏറ്റെടുത്ത് മുന്നോട്ട് പോകുകയാണെന്നും മന്ത്രി വ്യക്തമാക്കി.
‘ചിരിക്കാൻ ഉള്ള സമയം വരുമെന്ന് വിശ്വസിക്കുന്നു. ഇപ്പോൾ ചിരിക്കുന്നില്ല’, എന്നും മന്ത്രി പറഞ്ഞു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം അഭ്യർഥിച്ചു. രാത്രികാലങ്ങളിൽ അനാവശ്യമായി വൈദ്യുതി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും വ്യാപാരികളും പൊതുജനങ്ങളും വൈദ്യുതി ഉപഭോഗത്തിൽ നിയന്ത്രണം പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നിലവിലെ പ്രതിസന്ധിക്കിടെ പരമാവധി വൈദ്യുതി ലാഭിക്കാനും ഉപയോഗം ക്രമീകരിക്കാനുമാണ് സർക്കാരിന്റെ നിർദേശം.



