മാസപ്പടി കേസ്… ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കർത്തയുടെ സത്യവങ്ങ്മൂലം….

കൊച്ചി: മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. ഇഡിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറിയെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും കർത്തയെ നിർബന്ധിച്ച് ചോദ്യം ചെയ്യുകയാണുണ്ടായത്. ആരോഗ്യം തൃപ്തികരമല്ലെന്നും ചോദ്യം ചെയ്യൽ തുടരരുതെന്നും ഡോക്ടർമാർ വ്യക്തമായി എതിർത്തിട്ടും ഇഡി നടപടികളുമായി മുന്നോട്ടുപോയി.

ചോദ്യം ചെയ്യലിന്റെ ഘട്ടത്തിൽ കർത്തയുടെ വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചുവെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. അന്വേഷണ ഏജൻസിയുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ ചോദ്യം ചെയ്യലിനിടെ താൻ മരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കർത്ത പറഞ്ഞതായും സഹോദരൻ നൽകിയ രേഖയിലുണ്ട്. കർത്തയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. 72 വയസ്സുള്ള ശശിധരൻ കർത്ത തീവ്രമായ ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ കിഡ്നി രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്നയാളാണ്. ഈ സാഹചര്യങ്ങൾ പൂർണ്ണമായി അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം

Related Articles

Back to top button