തലസ്ഥാനത്തെ കൊടുംകുറ്റവാളികൾ പിടിയിൽ….

ചാരുമൂട്: തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കൊലപാതക ശ്രമം, ഭവനഭേദനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അഞ്ച് കൊടുംകുറ്റവാളികളെ നൂറനാട് പൊലീസ് അതിസാഹസികമായി പിടികൂടി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ മേൽനോട്ടത്തിൽ നടക്കുന്ന ‘ഓപ്പറേഷൻ ഗ്രിപ്പിന്റെ’ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് താമരക്കുളത്തുനിന്നാണ് സംഘം പിടിയിലായത്.
തിരുവനന്തപുരം മലയിൻകീഴ്, പൂജപ്പുര പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു ഇവർ. പിടിയിലായ ഓരോരുത്തരുടെയും പേരിൽ ഇരുപതോളം കേസുകളുണ്ട്. നരുവാംമൂട് പാലറക്കുഴി വിഷ്ണു ഭവനത്തിൽ മിഥുൻ (29), പേയാട് ചീലപ്പാറ ഐശ്വര്യ ഭവനിൽ അമൽ (28), തിരുമല അണ്ണൂർ ദേവീകൃപ വീട്ടിൽ നന്ദു (23), വെളിയന്നൂർ കമ്പനിമുക്ക് ദിവ്യ ഭവനിൽ ഫെബിൻ, നരുവാംമൂട് തളയറകോണം പറങ്കിമാംവിള വീട്ടിൽ അനന്ദു എന്നിവരാണ് പിടിയിലായത്.



