റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട… ആറ് കിലോ കഞ്ചാവുമായി…

മലപ്പുറം: തിരൂർ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്സൈസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ ട്രെയിനിൽ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷയിലെ കണ്ടമർ സ്വദേശികളായ അനിൽ കഹ്നാർ (19), ഇയാളുടെ സഹോദരീ പുത്രൻ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ തിരൂർ സ്റ്റേഷനിലെത്തിയ ചെന്നൈ-മംഗലാപുരം ട്രെയിനിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി കൈമാറുന്നതിനായി രണ്ട് ബാഗുകളിലായി ഒളിപ്പിച്ചാണ് ഇരുവരും കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് എക്സൈസ് അധികൃതർ പറയുന്നത്. ചക്കാമ്പാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നവരാണ് പിടിയിലായ പ്രതികൾ. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. പ്രശോഭ്, പ്രിവന്റീവ് ഓഫീസർ രവീന്ദ്രനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ്, അഖിലേഷ്, വിഷ്ണു, ധനേഷ് എന്നിവരും ആർപിഎഫ് എസ്.ഐ എൽ. ബിനു, എ.എസ്.ഐമാരായ കെ. ശശി, കെ.വി. ഹരിഹരൻ, സ്പെഷ്യൽ സ്ക്വാഡ് എ.എസ്.ഐ സജി അഗസ്റ്റിൻ, ഹെഡ് കോൺസ്റ്റബിൾമാരായ ടി. വിജേഷ്, എ. സജീവൻ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ തിരൂർ പൊലീസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ വിശദമായ ദേഹപരിശോധനയ്ക്ക് വിധേയരാക്കി. കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.




