മണ്ഡലകാല സീസണിന് ഒരു മാസം മാത്രം… ശബരിമലയിൽ മുന്നൊരുക്കങ്ങൾ…

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ ഇഴയുന്നതായി ആക്ഷേപം. ടെൻഡർ നടപടികൾ പോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ലിപ് ലിഡുകളും ആവശ്യത്തിന് എത്തിക്കാനും കഴിഞ്ഞിട്ടില്ല. ശബരിമല സീസൺ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മാസം മുൻപെങ്കിലും മുന്നൊരുക്കങ്ങൾ കാര്യക്ഷമമായി പൂർത്തിയാക്കേണ്ടതാണ്.
എന്നാൽ ടെൻഡർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടിയായത്. അറ്റകുറ്റപ്പണികൾ പൂർത്തിയാകേണ്ട സമയമായിട്ടും ടെൻഡർ ക്ഷണിക്കൽ നടപടി മാത്രമാണ് നടന്നിട്ടുള്ളത്. ശുചിമുറികളും വിരിപ്പുകളും ഉൾപ്പെടെയുള്ളവയുടെ ശുചീകരണ പ്രവർത്തനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. ഈ പ്രവൃത്തികളെല്ലാം പൂർത്തിയാക്കാൻ കുറഞ്ഞത് നാല് മാസമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. സാധാരണയായി 80 ശതമാനം മുന്നൊരുക്കങ്ങളും സെപ്റ്റംബർ പകുതിയോടെ പൂർത്തിയാക്കാറുണ്ട്. അതേസമയം, അരവണ ഡപ്പികളും ഫ്ലിപ് ലിഡുകളും ആവശ്യത്തിന് സംഭരിച്ചിട്ടില്ല. അരവണ ഡപ്പികൾ ഓഗസ്റ്റിൽ തന്നെ എത്തേണ്ടതായിരുന്നെങ്കിലും ഇതിനായുള്ള ടെൻഡർ നടപടികൾ ഇപ്പോഴാണ് നൽകിയതെന്നാണ് വിവരം. മണ്ഡലകാലം അടുത്തെത്തിയിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അറ്റകുറ്റപ്പണികളും ശുചീകരണവും ഉൾപ്പെടെയുള്ള പ്രധാന മുന്നൊരുക്കങ്ങൾ പൂർത്തിയാകാത്തത് തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.



