ജയന്റ് വീലിൽ കറങ്ങുന്നതിനിടെ മുടി കുരുങ്ങി; യുവതിയുടെ ശിരോചർമ്മം..

ജയന്റ് വീലിൽ കറങ്ങുന്നതിനിടെ മുടി യന്ത്രഭാഗത്തിൽ കുരുങ്ങിയതിനെ തുടർന്ന് 25കാരിക്ക് ഗുരുതര പരുക്ക്. മഹാരാഷ്ട്രയിലെ യവത്മാൽ ജില്ലയിലെ മഹാഗാവ് താലൂക്കിൽ ‘തൻഹ പോള’ ഉത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മേളയിലാണ് ഞെട്ടിക്കുന്ന അപകടം. ഫുൾസാവംഗി സ്വദേശിനിയായ ബാലി മരോട്ടി തലിക്കോട്ടെയാണ് അപകടത്തിൽപ്പെട്ടത്.
മറ്റ് സന്ദർശകർക്കൊപ്പം ജയന്റ് വീലിൽ കയറിയതായിരുന്നു ബാലി. ജയന്റ് വീൽ വേഗത്തിൽ കറങ്ങുന്നതിനിടെ സീറ്റിന് പിന്നിലെ കറങ്ങുന്ന ബെയറിംഗിൽ യുവതിയുടെ മുടി കുരുങ്ങുകയായിരുന്നു. മുടി ശക്തമായി വലിഞ്ഞതോടെ ബാലി വേദനയിൽ നിലവിളിച്ചു. ഇതിനിടെ ശിരോചർമ്മത്തിനും ഗുരുതരമായി പരുക്കേറ്റു.
രക്തത്തിൽ കുളിച്ച നിലയിൽ യുവതിയെ കണ്ടതോടെ മേളയിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. സംഭവസ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് പൊലീസ് ഇൻസ്പെക്ടർ സുനിൽ അംബുരെയുടെയും പൊലീസ് കോൺസ്റ്റബിൾ സുഹാസ് കായ്ട്ടെയുടെയും നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ജയന്റ് വീൽ അടിയന്തരമായി നിർത്തി. തുടർന്ന് യുവതിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏകദിന മേളയിൽ സമീപ ഗ്രാമങ്ങളിൽനിന്ന് നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ എത്തിയിരുന്നു.




