ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത

ഗതാഗത വകുപ്പിൽ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാൻ സാധ്യത. ഗതാഗത മന്ത്രി സി പി ജോണും ഉദ്യോഗസ്ഥരും പല കാര്യങ്ങളിൽ അഭിപ്രായ ഭിന്നത ഉണ്ടായതോടെയാണ് അഴിച്ചുപണിക്ക് ഒരുങ്ങുന്നത്. ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിനെ അടക്കം മാറ്റിയേക്കും. കമ്മീഷണർ സ്വീകരിക്കുന്ന പല നിലപാടുകളിലും ഗതാഗത മന്ത്രി സി പി ജോണിന് കടുത്ത അമർഷമുണ്ട്. സമീപകാലത്തുണ്ടായ വിവാദ വിഷയങ്ങളിൽ അടക്കം ഉദ്യോഗസ്ഥ നിലപാടുകളിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പത്തനംതിട്ടയിലെ പ്രളയ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയതും മലപ്പുറത്തെ ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിലും ഗതാഗത വകുപ്പ് വലിയ രീതിയിൽ പഴികെട്ടിരുന്നു.
വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാട് കമ്മീഷണർ സ്വീകരിക്കുന്നതായും മന്ത്രിക്ക് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥരെ മാറ്റണമെന്ന കാര്യം മന്ത്രി ഉടൻ മുഖ്യമന്ത്രിയെ അറിയിക്കും. യുഡിഎഫ് സർക്കാരാണ് അധികാരത്തിലുള്ളതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലേ എന്ന തരത്തിലുള്ള ചില അടക്കം പറച്ചിലുകളാണ് സെക്രട്ടേറിയറ്റിലുള്ളത്. മന്ത്രി പറയുന്ന കാര്യങ്ങൾ വകുപ്പിലെ ഉദ്യോഗസ്ഥർ ഗൗരവത്തിലെടുക്കില്ലെന്നാണ് ഉയരുന്ന മറ്റൊരു ആരോപണം. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നു എന്ന പേരിലാണ് ഗതാഗത കമ്മീഷണർ സി എച്ച് നാഗരാജുവിനെ മാറ്റാൻ നീക്കങ്ങൾ നടക്കുന്നത്.



