ബിൻ ലാദന്റെ ലക്ഷ്യപട്ടികയിൽ ഇന്ത്യയും… സിഐഎയുടെ രഹസ്യരേഖ പുറത്ത്

ഡൽഹി: വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് മുൻപ് അൽ-ഖായിദ നേതാവ് ഒസാമ ബിൻ ലാദൻ ലക്ഷ്യമിട്ടിരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉണ്ടായിരുന്നതായി വെളിപ്പെടുത്തൽ. സെപ്റ്റംബർ 11 ഭീകരാക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് യുഎസ് സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ) പുറത്തുവിട്ട രേഖകളിലാണ് ഇന്ത്യയെക്കുറിച്ചുള്ള പരാമർശം.
ബിൻ ലാദനുമായി ബന്ധപ്പെട്ട 71 പ്രസിഡൻഷ്യൽ ഡെയിലി ബ്രീഫുകളാണ് സിഐഎ സെപ്റ്റംബർ 11ന് പുറത്തുവിട്ടത്. 1998 മുതൽ 2001 വരെയുള്ള കാലയളവിൽ യുഎസ് പ്രസിഡന്റുമാർക്ക് നൽകിയ രഹസ്യാന്വേഷണ വിവരങ്ങളാണ് രേഖകളിലുള്ളത്. 100ലധികം പേജുകളുള്ള രേഖകളിൽ ബിൻ ലാദന്റെയും അൽ-ഖായിദയുടെയും ഭീകരപ്രവർത്തനങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങളുമുണ്ട്. 1998 ഓഗസ്റ്റ് 28ന് നൽകിയ ‘Bin Ladin Terrorist Network Still a Threat’ എന്ന ബ്രീഫിലാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ബിൻ ലാദന്റെ ആക്രമണ ലക്ഷ്യങ്ങളായിരുന്നുവെന്ന വിവരം ഉൾപ്പെട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ പാകിസ്ഥാൻ, ഈജിപ്ത്, അറേബ്യൻ ഉപദ്വീപിലെ രാജ്യങ്ങൾ, ഉഗാണ്ട, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും സാധ്യതയുള്ള ലക്ഷ്യങ്ങളായി രേഖയിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ എവിടെ, എപ്പോൾ, എങ്ങനെയാണ് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതെന്ന് രേഖയിൽ വ്യക്തമല്ല. രേഖയിലെ വിവരത്തിന്റെ ഉറവിടവും പൂർണമായി പുറത്തുവിട്ടിട്ടില്ല.
അഫ്ഗാനിസ്ഥാനിലെ യുഎസ് ആക്രമണങ്ങളെ ബിൻ ലാദനും മറ്റ് ഭീകരനേതാക്കളും അതിജീവിച്ചതായും അവരുടെ ആശയവിനിമയ ശൃംഖല ശക്തമായി തുടരുന്നതായും 1998ലെ രേഖയിൽ ചൂണ്ടിക്കാട്ടുന്നു. ചില ഭീകര ക്യാമ്പുകളിൽ പരിശീലനം പുനരാരംഭിച്ചതായും ചില ക്യാമ്പുകൾ മറ്റിടങ്ങളിലേക്ക് മാറ്റിയതായും അന്നത്തെ സിഐഎ വിലയിരുത്തലിലുണ്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലും കിഴക്കൻ ഏഷ്യയിലും ബിൻ ലാദന്റെ ശൃംഖലയ്ക്ക് സാന്നിധ്യമുണ്ടായിരുന്നുവെന്നും രേഖകൾ സൂചിപ്പിക്കുന്നു. 9/11 ആക്രമണത്തിന് മൂന്ന് വർഷം മുൻപുള്ള ഈ രഹസ്യാന്വേഷണ രേഖ പുറത്തുവന്നതോടെ അൽ-ഖായിദയുടെ ആഗോള ഭീകരശൃംഖലയും വിവിധ രാജ്യങ്ങളിലേക്കുള്ള ഭീഷണിയും സംബന്ധിച്ച പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. 2026 സെപ്റ്റംബർ 11നാണ് 9/11 ആക്രമണത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സിഐഎ 71 പ്രസിഡൻഷ്യൽ ഡെയിലി ബ്രീഫുകൾ പരസ്യമാക്കിയത്.



