പിഎം ശ്രീയിൽ നിലപാട് മാറ്റമില്ല… പദ്ധതി നടപ്പാക്കരുതെന്ന് യൂത്ത് ലീഗ്

കോഴിക്കോട്: പിഎം ശ്രീ പദ്ധതിക്കെതിരായ നിലപാടിൽ മാറ്റമില്ലെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ. പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ ഉപസമിതി തീരുമാനം വരട്ടെയെന്നും അതിന് ശേഷം നിലപാട് വ്യക്തമാക്കാമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ കമ്മിറ്റികളിലും പദ്ധതിക്കെതിരെ സമാനമായ അഭിപ്രായമാണ് ഉയർന്നതെന്നും മുനവ്വറലി തങ്ങൾ വ്യക്തമാക്കി.

പദ്ധതി നടപ്പാക്കില്ലെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നും നിലവിൽ പ്രായോഗിക കാര്യങ്ങളാകാം പരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേവലം ഫണ്ട് ലഭിക്കുന്നതിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുകയാണ് പിഎം ശ്രീയുടെ ലക്ഷ്യമെങ്കിൽ അംഗീകരിക്കില്ലെന്നും മുനവ്വറലി തങ്ങൾ വ്യക്തമാക്കി. പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനും അതുവഴി വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണത്തിനുമാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നാണ് യൂത്ത് ലീഗിന്റെ ആരോപണം. പദ്ധതി നടപ്പാക്കാനുള്ള മുൻ എൽഡിഎഫ് സർക്കാരിന്റെ തീരുമാനം തെറ്റായിരുന്നുവെന്നും അത് തിരുത്താനാണ് യുഡിഎഫിനെ അധികാരത്തിലെത്തിച്ചതെന്നും യൂത്ത് ലീഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

ഏതെങ്കിലും കാരണത്താൽ അത് സാധിക്കാതെ വന്നാൽ പദ്ധതിയിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് ആവശ്യം. സമഗ്ര ശിക്ഷ കേരളയുടെ ഫണ്ട് നേടിയെടുക്കാൻ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. അതേസമയം, പവർകട്ടിൽ യൂത്ത് ലീഗ് ജനപക്ഷത്താണെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ സർക്കാർ അടിയന്തരമായി പരിഹാരം കാണണമെന്നും മുനവ്വറലി തങ്ങൾ ആവശ്യപ്പെട്ടു. പിഎം ശ്രീ വിഷയത്തിൽ കെ.എം. ഷാജിയും എൻ. ഷംസുദ്ദീനും ഉപസമിതി റിപ്പോർട്ട് വരട്ടെയെന്ന നിലപാടാണ് കഴിഞ്ഞ ദിവസം സ്വീകരിച്ചത്. പിഎം ശ്രീ വിഷയത്തിൽ യൂത്ത് ലീഗ് നേരത്തെ തന്നെ എതിർപ്പ് രേഖപ്പെടുത്തി പ്രമേയം പാസാക്കിയിരുന്നു. ഇപ്പോഴത്തെ നിലപാട് ആവർത്തിച്ചുകൊണ്ടാണ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.

Related Articles

Back to top button