‘മുൾക്കിരീടം പൂക്കിരീടമാക്കും’ എന്ന് അവകാശവാദം;പിന്നാലെ കറൻറ് പോയി;പ്രസംഗം പാതിവഴിയിൽ നിർത്തി സണ്ണി ജോസഫ് മടങ്ങി

സംസ്ഥാനം അപ്രഖ്യാപിത പവർകട്ടിലും ലോഡ്ഷെഡിംഗിലും വലയുന്നതിനിടെ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് പങ്കെടുത്ത പരിപാടിയിൽ പ്രസംഗത്തിനിടെ വൈദ്യുതി നിലച്ചു. കെഎസ്ഇബി ഓഫീസേഴ്സ് ഫെഡറേഷന്റെ 18-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സംഘാടകരെയും സദസ്സിനെയും ഒരുപോലെ അമ്പരപ്പിച്ച നാടകീയ സംഭവം അരങ്ങേറിയത്. വൈദ്യുതി മുടങ്ങിയതോടെ മൈക്ക് ഓഫാവുകയും മന്ത്രിക്ക് പ്രസംഗം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരികയും ചെയ്തു. വേദിയിൽ അൽപ്പസമയം കാത്തുനിന്ന മന്ത്രി, ഒടുവിൽ സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് ഉടൻതന്നെ വേദിയിൽ നിന്ന് മടങ്ങുകയായിരുന്നു.

വൈദ്യുതി വകുപ്പിന്റെ ചുമതലയേൽക്കുന്നത് ‘മുൾക്കിരീടം’ തലയിൽ വെക്കുന്നത് പോലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി തനിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം മന്ത്രി പ്രസംഗത്തിൽ ഓർമ്മിപ്പിച്ചിരുന്നു. പ്രതിസന്ധികൾക്കിടയിലും ആ മുൾക്കിരീടത്തെ കഠിനാധ്വാനം കൊണ്ട് ‘പൂക്കിരീടമാക്കാനുള്ള’ ആത്മാർത്ഥ ശ്രമങ്ങളാണ് താൻ നടത്തുന്നതെന്ന് മന്ത്രി വിശദീകരിച്ചു തീർന്നതിന് തൊട്ടുപിന്നാലെയാണ് ഹാളിലെ വൈദ്യുതി നിലച്ചത്.

നിലവിലെ പ്രതിസന്ധികൾക്ക് ഉടൻ പരിഹാരം കാണുമെന്നും ഒരു കാരണവശാലും സംസ്ഥാനത്തെ വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button