‘ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കി’… ഒരുവയസ്സുകാരിയുടെ കൊലപാതകത്തിന് പിന്നിൽ….

തിരുവനന്തപുരം: മലയിൻകീഴിൽ ഒരുവയസ്സുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ വിവാഹബന്ധത്തിലെ അസ്വാരസ്യങ്ങളെന്ന് മൊഴി. കേസിലെ പ്രതിയായ ക്രിസ്റ്റിയാണ് ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ദാമ്പത്യബന്ധത്തിലെ പ്രശ്നങ്ങളാണ് മകളെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്നാണ് ക്രിസ്റ്റിയുടെ മൊഴി. ഭർത്താവ് വീട്ടിലേക്ക് പോകുന്നത് വിലക്കിയെന്നും കുടുംബം തന്നെ അകറ്റിനിർത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞതായാണ് വിവരം.

ഇതിന്റെ വിഷമത്തിലാണ് ഇന്നലെ വൈകിട്ട് കിടപ്പുമുറിയിൽ കയറി കൃത്യം ചെയ്യാൻ തീരുമാനിച്ചതെന്നും മൊഴിയിലുണ്ട്. മകളെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാനായിരുന്നു ശ്രമമെന്നും ക്രിസ്റ്റി പൊലീസിനോട് പറഞ്ഞതായി അന്വേഷണ സംഘം അറിയിച്ചു. ജീവനൊടുക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായി ഉറക്കഗുളികകൾ കഴിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ക്രിസ്റ്റിയുടെ മൊഴിയിലെ കാര്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ദാമ്പത്യപ്രശ്നങ്ങൾക്ക് പുറമെ യുവതിക്ക് പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മലയിൻകീഴ് വിളവൂർക്കൽ പൊറ്റയിൽ അഭിജിത്-ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അമ്മ ക്രിസ്റ്റി കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

വീട്ടിലുണ്ടായിരുന്ന മുത്തശ്ശിയാണ് കുഞ്ഞിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ക്രിസ്റ്റി ജീവനൊടുക്കാനും ശ്രമിച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ക്രിസ്റ്റി നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില പരിഗണിച്ച് പ്രതിയുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കുഞ്ഞിന്റെ മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വൈകിട്ടോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുമെന്നാണ് വിവരം. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും അമ്മയുടെ മൊഴിയുടെ വസ്തുതകളും ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button