എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ

കണ്ണൂർ: എസ്എഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ജോയൽ തോമസ് അറസ്റ്റിൽ. തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. കേസിൽ രണ്ടാം പ്രതിയാണ് ജോയൽ തോമസ്. കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിന് മുന്നിൽ നിന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജോയലിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.

കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വനിതാ കോളേജിൽ എത്തിയപ്പോഴാണ് പൊലീസ് നടപടി. ജോയൽ തോമസിന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് എസ്എഫ്ഐ ആരോപിച്ചു. നേതാക്കളെ അറസ്റ്റ് ചെയ്ത് മാറ്റിനിർത്തി സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എസ്എഫ്ഐ വിമർശിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി. എസ്. സഞ്ജീവാണ് ആരോപണവുമായി രംഗത്തെത്തിയത്. സെപ്റ്റംബർ 17, 18 തീയതികളിൽ നടക്കുന്ന സ്കൂൾ-കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐയെ മത്സരിച്ച് തോൽപ്പിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയുള്ള നടപടിയാണ് നേതാക്കളെ ജയിലിലടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

തിരുവനന്തപുരം മാർച്ചിൽ പങ്കെടുക്കാത്ത എസ്എഫ്ഐ നേതാവിനെ കണ്ണൂരിൽ എത്തി അറസ്റ്റ് ചെയ്തതിലും സഞ്ജീവ് വിമർശനം ഉന്നയിച്ചു. സർവകലാശാല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടെയാണ് ജോയലിനെ അറസ്റ്റ് ചെയ്തതെന്നും നേതാക്കളെ ജയിലിലടച്ചാൽ കെഎസ്‌യുവിനെ വിജയിപ്പിക്കാമെന്ന കണക്കുകൂട്ടൽ തെറ്റുമെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അതേസമയം, തിരുവനന്തപുരം മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ജോയൽ തോമസിനെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് നിലപാട്. കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണ്.

Related Articles

Back to top button