ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല… ഹൈക്കോടതി

കൊച്ചി: നഗരത്തിലെ ബസുകളുടെ അപകടപ്പാച്ചിലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ‘ബസ് ഓടിക്കുന്നവർ റോഡിലെ തമ്പുരാക്കന്മാരല്ല’ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് ജീവനക്കാരൻ കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ സംഭവവും കോടതി പരാമർശിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നും കോടതി വ്യക്തമാക്കി.

കൊച്ചി നഗരത്തിൽ ബസുകളടക്കമുള്ള വലിയ വാഹനങ്ങളുടെ അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കോടതി നിർദേശം നൽകി. സുരക്ഷിതമായ റോഡുകളിലൂടെ സഞ്ചരിക്കാനുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന് കോടതി നിരീക്ഷിച്ചു. വലിയ വാഹനങ്ങളുടെ അപകടകരമായ ഡ്രൈവിങ് കാൽനടയാത്രക്കാർക്കും ചെറുവാഹനങ്ങൾക്കും വലിയ ഭീഷണിയാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. കഴിഞ്ഞ വർഷം പൊലീസ് കോടതിക്ക് നൽകിയ ഉറപ്പുകൾ ഫലപ്രദമായി നടപ്പാക്കുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ബസ് ജീവനക്കാർക്ക് വെരിഫിക്കേഷൻ ഏർപ്പെടുത്തുമെന്നും ബസുകളിൽ പരാതിപ്പെടാനുള്ള വാട്‌സാപ്പ് നമ്പർ പ്രദർശിപ്പിക്കുമെന്നും ഉൾപ്പെടെ 2025ൽ പൊലീസ് കോടതിയിൽ ഉറപ്പ് നൽകിയിരുന്നു.

എന്നാൽ ഈ നടപടികൾ ഫലപ്രദമായിട്ടില്ലെന്നാണ് കോടതിയുടെ വിമർശനം.നഗരത്തിലെ റോഡുകളിൽ ബസുകൾക്ക് ഓവർടേക്ക് ചെയ്യാനും ചെറുവാഹനങ്ങളെ ഭയപ്പെടുത്താനും ആരാണ് അധികാരം നൽകിയതെന്നും കോടതി ചോദിച്ചു. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ഉറപ്പുകൾ നടപ്പാക്കിയതിന്റെ വിശദാംശങ്ങളും നിലവിൽ അപകടപ്പാച്ചിൽ തടയാൻ സ്വീകരിച്ച നടപടികളും ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നിർദേശം നൽകിയിരിക്കുന്നത്.

Related Articles

Back to top button