കെട്ടിട ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ പിജികൾക്ക്….

ന്യൂഡൽഹി: സത്യനികേതൻ കെട്ടിട ദുരന്തത്തിന് പിന്നാലെ ഡൽഹിയിൽ പി.ജി താമസകേന്ദ്രങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ കൊണ്ടുവരാൻ സർക്കാർ. പി.ജികളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നതിനൊപ്പം വാടക തുകയ്ക്ക് പരിധി നിശ്ചയിക്കാനും സർക്കാർ ആലോചിക്കുന്നു. സി.സി.ടി.വി ക്യാമറകൾ നിർബന്ധമാക്കാനും നിർദേശമുണ്ട്. 15-ലധികം വിദ്യാർഥികൾ താമസിക്കുന്ന പി.ജി കേന്ദ്രങ്ങളിൽ രാത്രി സുരക്ഷാ ജീവനക്കാരുടെ സേവനം ഉറപ്പാക്കണമെന്നും സർക്കാർ നിർദേശം നൽകി. സത്യനികേതൻ ഉൾപ്പെടെയുള്ള വിദ്യാർഥി പി.ജി കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾക്ക് ഒരാഴ്ചയ്ക്കുള്ളിൽ ഘടനാപരമായ പരിശോധന നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
പരിശോധനയിൽ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ അടിയന്തര നടപടി സ്വീകരിക്കും. പൊതുജനങ്ങൾ ഉപയോഗിക്കുന്ന കെട്ടിടങ്ങൾക്കും പി.ജി താമസകേന്ദ്രങ്ങൾക്കും പ്രത്യേക സുരക്ഷാ നയം കൊണ്ടുവരുന്നതും സർക്കാർ പരിഗണനയിലാണ്. അതിനിടെ, സത്യനികേതൻ കെട്ടിട ദുരന്തവുമായി ബന്ധപ്പെട്ട് പി.ജി നടത്തിപ്പുകാരൻ സുധാൻഷുവിനെ അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു നടത്തിപ്പുകാരനായി അന്വേഷണം തുടരുകയാണ്. അനധികൃത അറ്റകുറ്റപ്പണികൾക്ക് നേതൃത്വം നൽകിയ കോൺട്രാക്ടറെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സത്യനികേതൻ കെട്ടിട ദുരന്തത്തിൽ കൂടുതൽ നടപടികളുമായി ദേശീയ മനുഷ്യാവകാശ കമ്മീഷനും രംഗത്ത്. ഡൽഹിയിലെ ഹോസ്റ്റൽ ക്ഷാമം പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് ഡൽഹി സർക്കാരിനോടും യു.ജി.സിയോടും കമ്മീഷൻ ആവശ്യപ്പെട്ടു. കമ്മീഷൻ അംഗം പ്രിയാങ്ക് കാനൂംഗോ അധ്യക്ഷനായ ബെഞ്ചാണ് നിർദേശം പുറപ്പെടുവിച്ചത്. കെട്ടിട ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വ്യാപക സുരക്ഷാ പരിശോധന നടത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.



