കരുവാറ്റ വയോധിക കൊലപാതകം… മൂന്ന് ആൺകുട്ടികളെ പൊലീസ്…

ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആലപ്പുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റേതാണ് നടപടി. കേരളത്തിൽ ആദ്യമായാണ് പ്രായപൂർത്തിയാകാത്ത കുട്ടികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടതെന്നാണ് വിവരം. കേസിൽ ഉൾപ്പെട്ട മൂന്ന് ആൺകുട്ടികളെയും വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളിൽ രഹസ്യസ്വഭാവം ഉറപ്പാക്കാൻ കർശന വ്യവസ്ഥകളോടെയാണ് കസ്റ്റഡി അനുവദിച്ചത്.
13കാരിയുൾപ്പെടെ നാല് പേരാണ് കേസിലെ കുറ്റാരോപിതർ. പതിനാറിനും 18നും ഇടയിൽ പ്രായമുള്ളവർ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മുതിർന്ന കുറ്റവാളികളായി പരിഗണിച്ച് നടപടി സ്വീകരിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. പെൺകുട്ടിയെ സാമൂഹികക്ഷേമ വകുപ്പിന്റെ കോഴിക്കോട്ടെ കേന്ദ്രത്തിലും ആൺകുട്ടികളെ ചേർത്തല മായിത്തറയിലെ സംരക്ഷണ കേന്ദ്രത്തിലുമാണ് താമസിപ്പിച്ചിരിക്കുന്നത്. കുറ്റകൃത്യം ആസൂത്രണം ചെയ്തെന്ന് ആരോപിക്കപ്പെടുന്ന 13കാരിയെ ചോദ്യം ചെയ്യുന്നതിനുള്ള പൊലീസിന്റെ അപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തിങ്കളാഴ്ച പരിഗണിക്കും. കഴിഞ്ഞമാസം 15നാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്. മോഷണംപോയ സ്വർണം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന കൈയുറകൾ ഇതുവരെ കണ്ടെത്താനായിട്ടില്ല. നാലുപേരുടെയും മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്. കുടുംബപ്രശ്നങ്ങൾ പെൺകുട്ടിയുടെ മാനസികാവസ്ഥയെ ബാധിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. മാതാപിതാക്കൾ ബന്ധം വേർപ്പെടുത്തിയതിനെ തുടർന്ന് അമ്മയ്ക്കൊപ്പമായിരുന്നു പെൺകുട്ടിയുടെ താമസം.




