ദേശീയ പാതയിൽ ടാങ്കറിൽ നിന്നും വീണ വനസ്പതി റോഡിൽ പരന്നൊഴുകി; ഗതാഗതം വഴി തിരിച്ച് വിട്ടു

 കോഴിക്കോട് റോഡിൽ വനസ്പതി പരന്നൊഴുകി. ദേശീയ പാതയിൽ വടകര ബേബി മെമ്മോറിയൽ ഹോസ്പിറ്റലിന് സമീപമാണ് സംഭവം. ടാങ്കറിൽ നിന്നും വീണ വനസ്പതിയാണ് റോഡിൽ പരന്നൊഴുകിയത്. ഞായറാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. വനസ്പതി വീണതോടെ റോഡ് ഗതാഗതം തീർത്തും അപകടാവസ്ഥയിലായി.

ഏകദേശം 50 മീറ്ററോളം ദൂരം കോഴിക്കോട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലാണ് വനസ്പതി പരന്നൊഴുകിയത്. നാട്ടുകാർ വടകര ഫയർ ഫോഴ്സിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് സീനിയർ ഫയർ& റെസ്ക്യൂ ഓഫീസർ ആർ ദീപക്കിന്‍റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. സസ്യഎണ്ണകൾ ഹൈഡ്രജനേഷൻ പ്രക്രിയയിലൂടെ ദ്രാവകാവസ്ഥയിൽ നിന്ന് അർദ്ധ-ഖര രൂപത്തിലാക്കി മാറ്റിയെടുത്ത ഒരു തരം കൊഴുപ്പാണ് വനസ്പതി.

വെള്ളം ഉപയോഗിച്ച് റോഡ് വൃത്തിയാക്കിയാൽ കൂടുതൽ അപകടം വരുത്തും എന്നു മനസ്സിലാക്കിയപ്പോൾ ദേശീയ പാത നിർമ്മാണ കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ഒരു ലോഡ് എം സാൻഡ് ലഭ്യമാക്കി. എന്നാൽ റോഡിൽ മണൽ വിതറാൻ ജെസിബി ഡ്രൈവർ ലഭ്യമല്ല എന്ന് കമ്പനി അധികൃതർ അറിയിച്ചതിനെ തുടർന്ന് സേനാംഗങ്ങൾ തന്നെ മൺവെട്ടി, ഷവൽ എന്നിവ ഉപയോഗിച്ച് ഒരു മണിക്കൂറോളം സമയം എടുത്താണ് റോഡിൽ പരന്ന വനസ്പതിയുടെ കാഠിന്യം കുറച്ചത്. പക്ഷെ ഈ റോഡ് വഴിയുള്ള ഗതാഗതം നിലവിൽ സുരക്ഷിതമല്ലെന്ന് ഫയർഫോഴ്സ് ഹൈവേ പൊലീസിനെ അറിയിച്ചു.

തുടർന്ന് ഇത് വഴിയുള്ള ഗതാഗതം വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഗ്രേഡ് സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ എം എം റിജീഷ് കുമാർ ഫയർ & റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ കെവി അനിത്ത് കുമാർ. ജിജിത്ത് കുമാർ ഫയർ& റെസ്ക്യൂ ഓഫീസർമാരായ വികെ ബിനീഷ്, എംടി റാഷിദ്, പിഎം ബ ബീഷ്, ജെ ജയകൃഷ്ണൻ, പിടികെ സിബിഷാൽ , മനോജ് കിഴക്കേക്കര , വികെ അക്ഷയ് ഹോം ഗാർഡ്മാരായ സി ഹരിഹരൻ, കെബി സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് റോഡിൽ നിന്നും വനസ്പതി ഒഴിവാക്കി അപകടം ഒഴിവാക്കിയത്. ടാങ്കറിൽ വളരെ അലക്ഷ്യമായി വനസ്പതി കൊണ്ട് പോയതാണ് ഇതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button