പാലിയേക്കര വിഷയത്തിൽ മറ്റാരെങ്കിലും ആണെങ്കിൽ നടപടി ഉണ്ടായേനെ… കേന്ദ്രമന്ത്രിക്കെതിരെ…

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗതക്കുരുക്കിനെ തുടർന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വാഹനങ്ങൾ കടത്തിവിട്ട സംഭവത്തിൽ പ്രതികരണവുമായി മന്ത്രി ഒ.ജെ. ജനീഷ്. സുരേഷ് ഗോപി കേന്ദ്ര സർക്കാരിന്റെ ഭാഗമായതിനാലാണ് നടപടിയുണ്ടാകാത്തതെന്നും മറ്റാരെങ്കിലും ഇത്തരത്തിൽ ചെയ്തിരുന്നെങ്കിൽ ഇതിനകം കേസെടുത്തേനെയെന്നും മന്ത്രി പറഞ്ഞു. പാലിയേക്കര ടോൾ പ്ലാസയിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സുരേഷ് ഗോപി ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടോൾ നൽകാൻ ജനങ്ങൾ തയ്യാറാണെങ്കിലും സർവീസ് റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. ലിയോണൽ മെസ്സിയുടെ പേരുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ എസ്.ഐ.ടിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വെറും 10 ലക്ഷം രൂപ പേയ്ഡ്-അപ്പ് ക്യാപിറ്റൽ മാത്രമുള്ള ഒരു കമ്പനി എങ്ങനെയാണ് 200 കോടിയുടെ ഇവന്റുമായി ബന്ധപ്പെട്ട് രംഗത്തിറങ്ങിയതെന്നതിൽ ഉൾപ്പെടെ വ്യക്തത ആവശ്യമാണ്. ഇക്കാര്യങ്ങളടക്കം അന്വേഷണത്തിൽ പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ചിറയൻകീഴ് സംഭവത്തിൽ പാർട്ടി അന്വേഷണം നടക്കുകയാണെന്നും അതിനാൽ തൽക്കാലം വിഷയത്തിൽ അഭിപ്രായം പറയേണ്ടതില്ലെന്നും ഒ.ജെ. ജനീഷ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് പുനഃസംഘടന സംബന്ധിച്ച ചോദ്യത്തിന്, പൂർണമായ പുനഃസംഘടനയിലേക്ക് കടക്കണമോ എന്നത് പാർട്ടി നേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. കൃത്യമായ സമയത്ത് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റി ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ തനിക്ക് നൽകിയിരിക്കുന്ന ഉത്തരവാദിത്തങ്ങൾ മികച്ച രീതിയിൽ നിർവഹിക്കുന്നുണ്ടെന്നും ജനീഷ് കൂട്ടിച്ചേർത്തു.

Related Articles

Back to top button