തൃശൂരിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ അപകടം; കാർ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ്, വീട്ടിൽ…

നിർത്തിയിട്ട ബുള്ളറ്റിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച സംഭവത്തിൽ പ്രതിയായ ഡ്രൈവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കുന്നംകുളം ആർത്താറ്റ് കുറുക്കൻപാറ കുരിശുപള്ളിക്ക് സമീപമുണ്ടായ അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസുകാരൻ മകൻ എമിൽ ഐബക് എന്നിവരാണ് മരിച്ചത്.
സംഭവത്തിൽ പ്രതിയായ ആർത്താറ്റ് അയ്യൻകുളങ്ങര വീട്ടിൽ ബെൻ (31) നുവേണ്ടിയാണ് കുന്നംകുളം പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാൾ രാജ്യം വിടുന്നത് തടയുന്നതിനായി വിമാനത്താവളങ്ങളിലേക്കും പൊലീസ് വിവരം കൈമാറിയിട്ടുണ്ട്.
ചാട്ടുകുളം-ചെമ്മണ്ണൂർ റോഡിലുള്ള ബെൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി. വീടിന് പരിസരത്തും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള നടപടികൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം.



