കലിഫോർണിയ ഇരട്ടക്കൊല… അനില ബേബിക്കെതിരെ കൂടുതൽ കൊലക്കുറ്റങ്ങൾ…

കലിഫോർണിയയിലെ ഇരട്ടക്കൊലപാതകത്തിൽ പ്രതിയായ കോട്ടയം മൂന്നിലവ് സ്വദേശി അനില ബേബിക്കെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ പ്രോസിക്യൂഷൻ. നിലവിൽ തൃശൂർ സ്വദേശിനി അഞ്ജന ഹരിയുടെ കൊലപാതകക്കേസിലാണ് മിൽപിറ്റാസ് പൊലീസ് അനിലയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സാൻഹൊസിൽ ആൻ മേരി മാത്യു കുത്തേറ്റുമരിച്ച സംഭവത്തിലും അനിലയ്ക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്നാണ് ലഭിക്കുന്ന ഔദ്യോഗിക വിവരം. ആൻ മേരി മാത്യുവിന്റെ മരണം കൊലപാതകമാണെന്ന് നേരത്തെ പൊലീസ് സ്ഥിരീകരിച്ചിരുന്നെങ്കിലും ഇതുവരെ കൊലക്കുറ്റം ചുമത്തിയിരുന്നില്ല. നിലവിൽ സാന്റാ ക്ലാര കൗണ്ടി മെയിൻ ജയിലിലാണ് അനിലയെ പാർപ്പിച്ചിരിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച കോടതി നടപടികൾ സെപ്റ്റംബർ 10ലേക്ക് മാറ്റിയിരുന്നു. ഓഗസ്റ്റ് 28ന് മിൽപിറ്റാസിലെ ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്ട്മെന്റ് പാർക്കിങ് ഏരിയയിൽ വച്ച് തൃശൂർ സ്വദേശിനി അഞ്ജന ഹരിയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് അനിലയ്ക്കെതിരെ സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്ട് അറ്റോർണി ഓഫിസ് കൊലക്കുറ്റം ചുമത്തിയത്. മുൻകൂട്ടി ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി, വാഹനം മാരകായുധമായി ഉപയോഗിച്ചു, ഇരയ്ക്ക് ഗുരുതരമായ പരുക്കുകൾ ഏൽപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കൃത്യത്തിനുശേഷം മുൻഭാഗം തകർന്ന കാറിനുള്ളിൽ കൈകാലുകളിൽ രക്തക്കറയും മുറിവുകളുമായാണ് നോർത്ത് മിൽപിറ്റാസ് ബൊളിവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ലോട്ടിൽ നിന്ന് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ആൻ മേരി മാത്യുവിന്റെ മൃതദേഹത്തിന്റെ സംസ്കാരച്ചടങ്ങുകൾ ലിവർമോറിലെ സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. സെപ്റ്റംബർ 10ന് കേസ് വീണ്ടും കോടതി പരിഗണിക്കുമ്പോൾ പൊലീസിന്റെ തുടർനടപടികളിലും പ്രോസിക്യൂഷന്റെ വാദങ്ങളിലും കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button