‘റം’ അല്ല, ഇനി ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’; ഓൾഡ് മങ്കിന് തിരിച്ചടി

ഓൾഡ് മങ്കിനെ ഇനി ‘റം’ എന്ന പേരിൽ വിൽക്കാനാകില്ലെന്ന് എഫ്എസ്എസ്എഐ. ന്യൂട്രൽ സ്പിരിറ്റിൽ കൃത്രിമ റം ഫ്ലേവർ ചേർത്താണ് ഉൽപ്പന്നം തയ്യാറാക്കുന്നതെന്നും, അതിനാൽ ‘റം’ എന്നതിനു പകരം ‘റം ഫ്ലേവേർഡ് സ്പിരിറ്റ്’ എന്ന് മാത്രമേ ലേബലിൽ രേഖപ്പെടുത്താനാകൂവെന്നും ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി ബോംബെ ഹൈക്കോടതിയെ അറിയിച്ചു.

ഓൾഡ് മങ്കിന്റെ നിർമാതാക്കളായ മോഹൻ മീക്കിൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് എഫ്എസ്എസ്എഐ നിലപാട് വ്യക്തമാക്കിയത്. ലബോറട്ടറി പരിശോധനയിൽ കൃത്രിമ ഫ്ലേവറുകൾ കണ്ടെത്തിയതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഓൾഡ് മങ്കിന്റെ വിൽപ്പന തടഞ്ഞ നടപടിക്കെതിരെയാണ് കമ്പനി കോടതിയെ സമീപിച്ചത്.

‘95 ശതമാനവും ന്യൂട്രൽ സ്പിരിറ്റ്’

കരിമ്പിൻ ജ്യൂസോ പഞ്ചസാര നിർമാണത്തിന്റെ ഉപോൽപ്പന്നമായ മൊളാസസോ പുളിപ്പിച്ച് വാറ്റിയെടുത്താണ് സാധാരണ റം നിർമിക്കുന്നത്. എന്നാൽ ഓൾഡ് മങ്കിൽ ന്യൂട്രൽ സ്പിരിറ്റിലാണ് റം ഫ്ലേവർ ചേർക്കുന്നതെന്നാണ് എഫ്എസ്എസ്എഐയുടെ വാദം.

ഉൽപ്പന്നത്തിലെ യഥാർഥ റം ഘടകം അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണെന്നും ശേഷിക്കുന്ന 95 ശതമാനവും ന്യൂട്രൽ സ്പിരിറ്റാണെന്നും അതോറിറ്റി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നത്തെ ‘റം’ എന്ന് വിശേഷിപ്പിക്കുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും എഫ്എസ്എസ്എഐ വ്യക്തമാക്കി.

കൃത്രിമ ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം കുപ്പിയുടെ ലേബലിൽ വളരെ ചെറിയ അക്ഷരത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്നും അതോറിറ്റി ആരോപിച്ചു.

‘7 Years Old Blended’ എന്ന അവകാശവാദത്തിലും വിമർശനം

ഓൾഡ് മങ്കിന്റെ കുപ്പികളിൽ രേഖപ്പെടുത്തിയിരിക്കുന്ന ‘7 Years Old Blended’ എന്ന വാചകത്തിലും ബോംബെ ഹൈക്കോടതി വിമർശനം ഉന്നയിച്ചു. ഈ വാചകം കാണുമ്പോൾ കുപ്പിയിലുള്ള മദ്യം ഏഴ് വർഷം പഴക്കമുള്ളതാണെന്ന് സാധാരണ ഉപഭോക്താക്കൾ കരുതാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

ഫ്ലേവറുകൾ ചേർത്തിട്ടുണ്ടെന്ന വിവരം രേഖപ്പെടുത്തിയിരിക്കുന്ന അക്ഷരങ്ങൾ വളരെ ചെറുതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭൂതക്കണ്ണാടി ഉപയോഗിച്ചുപോലും അത് വായിക്കാൻ കഴിയുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമർശം.

ഇതോടെ എഫ്എസ്എസ്എഐയുടെ വിൽപ്പന നിരോധന ഉത്തരവിന് അടിയന്തരമായി സ്റ്റേ നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

പുതിയ ലേബലിന് തയ്യാറായി കമ്പനി

മഹാരാഷ്ട്രയിലെ വിൽപ്പന തടഞ്ഞതോടെ ദിവസേന ഏകദേശം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ചൂണ്ടിക്കാട്ടിയാണ് മോഹൻ മീക്കിൻ കോടതിയെ സമീപിച്ചത്. കേസിനിടെ നിലവിലെ ലേബലിൽനിന്ന് ‘7 Years Old Blended’ എന്ന വാചകം നീക്കം ചെയ്യാൻ കമ്പനി സന്നദ്ധത അറിയിച്ചു.

കൃത്രിമ ഫ്ലേവറുകൾ അടങ്ങിയിട്ടുണ്ടെന്ന വിവരം കൂടുതൽ വ്യക്തമായി കാണുന്ന തരത്തിൽ അക്ഷരങ്ങളുടെ വലുപ്പം വർധിപ്പിക്കാനും കമ്പനി സമ്മതിച്ചു. ഇതിനായി പരിഷ്കരിച്ച ലേബലിന്റെ മാതൃകയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

പുതിയ ലേബൽ പരിശോധിച്ച് തീരുമാനമെടുക്കുന്നതിനായി എഫ്എസ്എസ്എഐക്ക് കോടതി സമയം അനുവദിച്ചു. ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര വി. ഘൂഗെ, ജസ്റ്റിസ് ഗൗതം എ. അങ്കാഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സെപ്റ്റംബർ 11-ന് കേസ് വീണ്ടും പരിഗണിക്കും.

ഓൾഡ് മങ്കിന് പുറമെ മക്ഡൊവൽസ് No. 1, ബാഗ്‌പൈപ്പർ, ആന്റിക്വിറ്റി ബ്ലൂ, റോയൽ ചലഞ്ച് തുടങ്ങിയ പ്രമുഖ മദ്യബ്രാൻഡുകൾക്കെതിരെയും സമാനമായ ലേബലിങ് ക്രമക്കേടുകളുടെ പേരിൽ എഫ്എസ്എസ്എഐ നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.

Related Articles

Back to top button