: കേന്ദ്രപദ്ധതികളുടെ നടത്തിപ്പിലെ വീഴ്ചകളിലും പൊതുപണം ദുരുപയോഗം ചെയ്യുന്നതിലുമെതിരെ ബി.ജെ.പി. എം.പി. കങ്കണ റണാവത് കടുത്ത അമർഷം പ്രകടിപ്പിച്ചു. ഹിമാചൽപ്രദേശിലെ മാണ്ഡിയിൽ നടന്ന ജില്ലാ വികസന അവലോകന യോഗത്തിനിടയിലാണ് ഉദ്യോഗസ്ഥരെ വിമർശിച്ച് എം.പി. രംഗത്തെത്തിയത്.
സർക്കാർ പണം ഗുണഭോക്താക്കൾക്കുതന്നെ ലഭിക്കണമെന്നും അത് ദുരുപയോഗം ചെയ്യരുതെന്നും കങ്കണ യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുപണത്തിന്റെ മുപ്പത് മുതൽ നാൽപ്പത് ശതമാനംവരെ തെറ്റായ കൈകളിലേക്കാണ് പോകുന്നതെന്ന് അവർ പറഞ്ഞു. പദ്ധതികളുടെ നടത്തിപ്പ് ശക്തമായി നിരീക്ഷിക്കേണ്ടതുണ്ടെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും കൂടുതൽ ഉത്തരവാദിത്വം ഉണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. പൊതുപണം തെറ്റായ കൈകളിൽ എത്തിച്ചേരാൻ അനുവദിക്കില്ലെന്നും അവർ വ്യക്തമാക്കി.
തന്റെ മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും പദ്ധതികളുടെ വിഹിതത്തെക്കുറിച്ചും മാധ്യമങ്ങൾ ചോദിക്കുമ്പോൾ താൻ എന്ത് മറുപടി നൽകുമെന്ന് കങ്കണ ഉദ്യോഗസ്ഥരോട് ചോദിച്ചു. ‘ആളുകൾ വെറും ശമ്പളം വാങ്ങാൻ വേണ്ടി മാത്രമാണ് ഇവിടെ വരുന്നത് എന്നാണോ? ഈ കസേരകളിൽ ഇരിക്കുന്നവർ തികച്ചും മടിയന്മാരും ഒന്നിനും കൊള്ളാത്തവരുമാണെന്നാണോ ഞാൻ പറയേണ്ടത്?’, കങ്കണ ഉദ്യോഗസ്ഥരോട് ചോദിച്ചു.
11 കോടി രൂപ അനുവദിച്ചിട്ടും ഒരൊറ്റ വികസനപ്രവർത്തനംപോലും ഇവിടെ നടന്നിട്ടില്ലെന്നും ഇത് കടുത്ത അനാസ്ഥയും കഷ്ടവുമാണെന്നും കങ്കണ യോഗത്തിൽ പറഞ്ഞു. കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതികൾ വെറും കടലാസുകളിൽ മാത്രം ഒതുങ്ങരുതെന്നും യഥാർത്ഥത്തിൽ സഹായം ആവശ്യമുള്ള ഗ്രാമീണരിലേക്ക് അതിന്റെ ആനുകൂല്യങ്ങൾ എത്തണമെന്നും അവർ ആവശ്യപ്പെട്ടു.