അലോപ്പതി ഡോക്ടർക്ക് പകരം ഹോമിയോ ഡോക്ടർ… അമ്പൂരിയിലെ സ്വകാര്യ ക്ലിനിക്ക്…

തിരുവനന്തപുരം: അമ്പൂരി ജംഗ്ഷന് സമീപം വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതർ പൂട്ടിച്ചു. ഡോക്ടറും നഴ്സുമടക്കമുള്ള ആശുപത്രി സംവിധാനങ്ങളോടെ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയത്.
അലോപ്പതി ഡോക്ടറുടെ സേവനം ലഭ്യമാകേണ്ടിടത്ത് ഹോമിയോ ഡോക്ടറെയാണ് പരിശോധനയിൽ കണ്ടെത്തിയത്. ക്ലിനിക്ക് നടത്തിപ്പുകാരനും അലോപ്പതി ചികിത്സയ്ക്കുള്ള ലൈസൻസില്ലാത്തയാളാണെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ഹെൽത്ത് വിഭാഗം നടപടി സ്വീകരിച്ചത്. രാത്രികാലങ്ങളിൽ ഉൾപ്പെടെ അടിയന്തര ചികിത്സയും കുത്തിവയ്പ്പുകളും നൽകിയിരുന്നത് ഹോമിയോ-ആയുർവേദ ഡോക്ടറായിരുന്നുവെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. ക്ലിനിക്കിൽ കാലാകാലങ്ങളിൽ വ്യാജ ഡോക്ടർമാർ സേവനം നടത്തിയിരുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മിന്നൽ പരിശോധന.
പഞ്ചായത്തിൽ നിന്നുള്ള ആവശ്യമായ അനുമതികളും സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ നിന്നുള്ള മാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള സംവിധാനവും കണ്ടെത്താനായില്ല. ലാബിലും നിലവാരമുള്ള പരിശോധനാ സംവിധാനങ്ങൾ ഇല്ലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. അമ്പൂരി പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഭവം സംബന്ധിച്ച വിവരം ജില്ലാ മെഡിക്കൽ ഓഫീസർക്കും പൊലീസിനും കൈമാറിയിട്ടുണ്ട്. തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.



