സ്ത്രീ വിരുദ്ധ പരാമർശം വിവാദത്തിൽ…. വിശദീകരണവുമായി കാന്തപുരം

കോഴിക്കോട്: സ്ത്രീ വിരുദ്ധ പരാമർശം വിവാദമായതിന് പിന്നാലെ ഫേസ്ബുക്കിലൂടെ വിശദീകരണവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ആത്മീയ ചർച്ചകളെ വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ താത്പര്യം തിരിച്ചറിയണമെന്ന സൂചന നൽകിയാണ് കാന്തപുരം ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ സമീപിക്കണമെന്നും പ്രവർത്തകർ പ്രകോപിതരാകരുതെന്നും അദ്ദേഹം കുറിപ്പിൽ ആവശ്യപ്പെട്ടു.
വൈകാരികമായി പ്രതികരിക്കാതെ തിന്മകളെ നന്മകൊണ്ട് നേരിടുന്നതാണ് സുന്നി വിശ്വാസികളുടെ പാരമ്പര്യമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീടുകളിൽ ഒതുങ്ങി ജീവിക്കണമെന്നാണ് ഖുർആൻ പറയുന്നതെന്നുമുള്ള കാന്തപുരത്തിന്റെ പരാമർശങ്ങളാണ് വിവാദമായത്. പരാമർശത്തിനെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ പിന്നാക്കം നിർത്തുന്ന തരത്തിലുള്ള പ്രസ്താവനകളെ വിമർശിച്ചാണ് പ്രതികരണങ്ങൾ ഉണ്ടായത്. വിവാദത്തിന് പിന്നാലെ തൃശൂരിൽ നടന്ന പരിപാടിയിലും കാന്തപുരം വിശദീകരണം നൽകിയിരുന്നു. തങ്ങൾ സ്ത്രീകളെ കുഴിച്ചുമൂടുന്നവരല്ലെന്നും സ്ത്രീകൾക്ക് രണ്ടാം സ്ഥാനം നൽകിയെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഫേസ്ബുക്കിലൂടെയും പ്രതികരണം വന്നിരിക്കുന്നത്. വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്നും സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കുന്ന ശ്രമങ്ങളെ തിരിച്ചറിയണമെന്നുമാണ് പുതിയ കുറിപ്പിലൂടെ കാന്തപുരം ആവശ്യപ്പെടുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…
സംവാദങ്ങള്‍ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങള്‍ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാന്‍ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങള്‍ നാം കൃത്യമായി തിരിച്ചറിയുകയും വേണം. അറിവന്വേഷണങ്ങളെ അട്ടിമറിച്ച്, സമൂഹത്തില്‍ ഭിന്നത വളര്‍ത്താനുള്ള ഇത്തരം ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ വേണം നാം സമീപിക്കാന്‍. പ്രവര്‍ത്തകര്‍ യാതൊരുവിധ പ്രകോപനങ്ങള്‍ക്കും വശംവദരാകാന്‍ പാടില്ല. ഇത്തരം സാഹചര്യങ്ങളില്‍ ഒട്ടും വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ നാം ഇടപെടാവൂ. നാളിതുവരെയും ഏതു തിന്മകളെയും നന്മ കൊണ്ടു മാത്രം എതിരിട്ട സംസ്കാരമാണ് പാരമ്പര്യ സുന്നി വിശ്വാസികളുടേത്. നമ്മുടെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ, അച്ചടക്കത്തോടെയും സംയമനത്തോടെയും മുന്നോട്ടു പോകണം. അല്ലാഹു എല്ലാവര്ക്കും നന്മകള്ക്കു തൗഫീഖ് നല്കട്ടെ.



