ഹൽദ്വാനിയിലെ ശുദ്ധികലശം; ഖാർഗെയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തി..

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ചിത്രത്തിൽ പാലഭിഷേകം നടത്തി ദലിത് കോൺഗ്രസ്. ഖാർഗെയ്ക്ക് നേരെയുണ്ടായ ജാതിയധിക്ഷേപത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഏജീസ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഈ മാർച്ചിനിടെയാണ് പാലഭിഷേകം നടന്നത്.
ഹൽദ്വാനിയിലെ ശുദ്ധികലശത്തിന് എതിരെയായിരുന്നു ദലിത് കോൺഗ്രസിന്റെ പ്രതിഷേധ മാർച്ച്. ആഗസ്റ്റ് എട്ടിന് ഖാർഗെയുടെ നേതൃത്വത്തിൽ ഹൽദ്വാനിയിലെ രാംലീലാ മൈതാനത്ത് കോൺഗ്രസ് റാലി നടന്നിരുന്നു. ഇതിനുപിന്നാലെ വലതുപക്ഷ സംഘടനയായ ശ്രീറാം സേന അതേ വേദിയിൽ ശുദ്ധികലശം നടത്തുകയായിരുന്നു. ആഗസ്റ്റ് പത്തിനായിരുന്നു ശ്രീറാം സേനയുടെ ശുദ്ധികലശം.
ഇതിനെതിരെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. ശ്രീറാം സേനയെ വിമർശിച്ച രാഹുലിനെതിരെ കോട്വാലി പൊലീസ് കേസെടുക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയുടെ പരാമർശം സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതി. എന്നാൽ ശുദ്ധികലശത്തിൽ കേസ് എടുക്കണമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ആവശ്യം.
ഹൽദ്വാനിയിലെ ശുദ്ധികലശം അയിത്താചരണത്തിന് തുല്യമാണ്. ബിജെപി ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷൻ മഹേന്ദ്ര ഭട്ടാകട്ടെ ഇതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. ദലിത് ജനവിഭാഗങ്ങൾ സമൂഹത്തിൽ മാന്യതയോടെ ജീവിക്കണമെന്ന് ബിജെപിയും ആർഎസ്എസും ആഗ്രഹിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഈ സംഭവം. ഉത്തരാഖണ്ഡിൽ ഖാർഗെയ്ക്ക് നീതി ഉറപ്പാക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കടമയാണെന്നുമാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.



