കേരള ഹൗസിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് പരാതി…

കേരള ഹൗസിലെ നിയമവിഭാഗത്തിലെ ഔദ്യോഗിക രേഖകൾ മോഷണംപോയെന്ന് ഡൽഹി പൊലീസിൽ പരാതി. നിയമവിഭാഗം ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതിയാണ് തിലക് മാർഗ് പൊലീസിൽ പരാതി നൽകിയത്. അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസി ടി.എസ്. രേഖകൾ മോഷ്ടിച്ചുവെന്ന് സംശയിക്കുന്നതായാണ് പരാതിയിലെ ആരോപണം. കേരള ഹൗസിലെ നിയമവിഭാഗത്തിലെ അറ്റൻഡൻസ് രജിസ്റ്റർ കാണാതായതാണ് പരാതിയിലെ പ്രധാന ആരോപണം.

കേരള ഹൗസിലെ നിയമവിഭാഗം മേധാവിയായിരുന്ന ഗ്രാൻസി ടി.എസിനെ കഴിഞ്ഞ മാസം അഞ്ചിന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റിയിരുന്നു. ഗുരുതരമായ കൃത്യവിലോപം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സ്ഥലംമാറ്റമെന്നും പരാതിയിൽ പറയുന്നു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങിയതിന് ശേഷം പലതവണ അനുമതിയില്ലാതെ ഗ്രാൻസി നിയമവിഭാഗത്തിലെ ഓഫീസിൽ പ്രവേശിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. അറ്റൻഡൻസ് രജിസ്റ്റർ നിലവിൽ കാണാനില്ലെന്നും ഇത് ഗ്രാൻസി മോഷ്ടിച്ചതാകാമെന്ന് സംശയിക്കുന്നതായും ഡെപ്യൂട്ടി സെക്രട്ടറി പൊലീസിനെ അറിയിച്ചു. ചില ഫയലുകളും സത്യവാങ്മൂലങ്ങളും കൈമാറണമെന്ന് ഗ്രാൻസി ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവ കൈമാറിയില്ലെന്നും പരാതിയിൽ പറയുന്നു. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ളവർ നൽകിയ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് രേഖകൾ കൈമാറാതിരുന്നതെന്നും പരാതിയിൽ വിശദീകരിച്ചിട്ടുണ്ട്.

ബലംപ്രയോഗിച്ച് ഓഫീസിൽ അതിക്രമിച്ചുകയറി, തന്നെയും കുടുംബത്തെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തി, ശാരീരികമായി ആക്രമിക്കാൻ ശ്രമിച്ചു, കാർക്കിച്ച് തുപ്പി തുടങ്ങിയ ഗുരുതര ആരോപണങ്ങളും ഡെപ്യൂട്ടി സെക്രട്ടറി ഷണ്മുവതി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. കേരള ഹൗസിലെ നിയമവിഭാഗത്തിലെ ഔദ്യോഗിക രേഖകൾ ഇനിയും മോഷണം പോകാൻ സാധ്യതയുണ്ടെന്നും അതിനാൽ നിയമപരമായ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഡൽഹി ഹൈക്കോടതിയിലും വിവിധ ട്രിബ്യൂണലുകളിലുമുള്ള കേസുകളുടെ സുപ്രധാന രേഖകൾ സൂക്ഷിച്ചിരിക്കുന്നത് കേരള ഹൗസിലെ നിയമവിഭാഗത്തിലാണ്. പുതിയ പരാതിയുടെ പശ്ചാത്തലത്തിൽ ഈ രേഖകളുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഉയർന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കേരള ഹൗസിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ നിയമ, പൊതുഭരണ വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്. എന്നാൽ വിഷയത്തിൽ സർക്കാർവൃത്തങ്ങൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിക്കാൻ തയാറായിട്ടില്ല.

Related Articles

Back to top button