അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി ഗൗരവമുള്ളത്…

കൊച്ചി: അൻസിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതിയിൽ ഹൈക്കോടതിയുടെ നിർണായക നിരീക്ഷണം. പരാതി ഗൗരവമുള്ളതാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അൻസിബ ഹസൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മിപ്രിയ സ്ത്രീത്വത്തെ അപമാനിക്കുന്നതും വ്യക്തിപരമായി മാനഹാനിക്ക് ഇടയാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി.

ഈ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ എറണാകുളം മജിസ്ട്രേറ്റ് കോടതി അൻസിബയുടെ ഹർജി തള്ളിയിരുന്നു. പരാതിയിൽ കേസെടുക്കാൻ മാത്രമുള്ള വകുപ്പുകൾ ഇല്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതില്ലെന്നുമായിരുന്നു മജിസ്ട്രേറ്റ് കോടതിയുടെ നിലപാട്. ഇതിന് പിന്നാലെയാണ് അൻസിബ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പാലാരിവട്ടം പൊലീസും അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ തയാറായിരുന്നില്ല. നിരവധി തവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അൻസിബ ആരോപിച്ചിരുന്നു. പരാതി ഗൗരവമുള്ളതാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്നുമുള്ള ഹൈക്കോടതി നിരീക്ഷണം അൻസിബയുടെ ഹർജിയിൽ നിർണായകമാകും.

Related Articles

Back to top button